മോൻസണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണയിടപാട് കേസില്‍ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഇ ഡിയ്ക്ക് മുന്നില്‍ ഹാജരാകും.
കേസില്‍ സുധാകരനും രണ്ട് പൊലീസ് ഓഫീസര്‍മാര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. രാവിലെ പത്ത് മണിയ്ക്ക് കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ ആശങ്കയില്ലെന്ന് സുധാകരൻ വ്യക്തമാക്കി.
മോൻസണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍വച്ച് സുധാകരൻ പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസണിന്റെ മുൻ ജീവനക്കാരൻ ജിൻസണ്‍ മൊഴി നല്‍കിയിരുന്നു. 2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സുധാകരൻ തള്ളി. ഇത് അടക്കമുള്ള സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സുധാകരനെ ചോദ്യം ചെയ്യുന്നത്.
മോൻസണ്‍ നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് ഇ ഡിയുടെ ഇടപെടല്‍. കോടികളുടെ ഇടപാടുകളില്‍ കള്ളപ്പണം, ഹവാലപ്പണം എന്നിവ ഉപയോഗിച്ചോയെന്ന് ഇ ഡി പരിശോധിക്കും. ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തവരെന്ന നിലയ്ക്കാണ് കെ. സുധാകരനെയും പൊലീസ് ഓഫീസര്‍മാരെയും ചോദ്യം ചെയ്യുന്നത്.