കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; എംഎം വർഗീസും പികെ ബിജുവും ഇഡിക്ക് മുന്നിൽ ഹാജരായി

കരുവന്നൂർ കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവര്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി. എംഎം വര്‍ഗീസാണ് ഇഡിക്ക് മുമ്പാകെ ആദ്യമെത്തിയത്. കരുവന്നൂരിലെ ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് എംഎം വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. പുറത്തശ്ശേരി നോര്‍ത്ത് സൗത്ത് ലോക്കല്‍ കമ്മിറ്റികള്‍ക്ക് അക്കൗണ്ട് ഉണ്ടോയെന്ന് തനിക്കറിയില്ല. അറിയുന്ന വിവരങ്ങള്‍ മാത്രമെ പറയാൻ കഴിയുകയുള്ളു. സിപിഐഎമ്മിന് യാതൊരു ഭയവുമില്ല. ഇഡിക്കും ഐടിക്കും രാഷ്ട്രീയ അജണ്ടയാണ്. എല്ലാ അക്കൗണ്ടും ക്ലിയര്‍ ആണ്. പാര്‍ട്ടിയുടെ ഒരു സ്വത്ത് വിവരവും മറച്ച് വെച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എംഎം വര്‍ഗീസ് പറഞ്ഞു.

കരുവന്നൂർ ബാങ്കിലെ സിപിഐഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കിൽ നിന്ന് ബെനാമി വായ്പകൾ അനുവദിച്ചതിലുമാണ് ചോദ്യം ചെയ്യൽ. നേരത്തെ എംഎം വർഗീസ് അടക്കമുള്ളവരെ മണിക്കൂറുകൾ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ രഹസ്യ അക്കൗണ്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് നേതാക്കൾ നൽകിയിട്ടുള്ളത്.എന്നാൽ ബാങ്ക് അക്കൗണ്ട് ലോക്കൽ കമ്മിറ്റിയുടെ പേരിലാണെന്നും ഇത് സംബന്ധിച്ച രേഖകൾ ലഭിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. നേരത്തെ ഇഡി ചോദ്യം ചെയ്യലിനിടെ എംഎം വർഗീസിനെ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചോദ്യം ചെയ്തിരുന്നു. തൃശ്ശൂരിലെ ദേശസാൽകൃത ബാങ്കിലെ പണമിടപാടിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *