കണ്ണൂരില്‍ ബസിടിച്ച ഓട്ടോ കത്തി; 2 മരണം

കണ്ണൂരില്‍ ബസിടിച്ച ഓട്ടോ കത്തി 2 മരണം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനുമാണ് വെന്തുമരിച്ചത്. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. പാനൂർ പാറാട് സ്വദേശി അഭിലാഷ്, ഷിജിൻ എന്നിവരാണ് മരിച്ചതെന്ന് സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചതെന്ന് കരുതുന്നു. ഇന്നലെ രാത്രി ഒമ്പതോടെ തലശ്ശേരി കൂത്തുപറമ്പ് റോഡിൽ ആറാം മൈൽ ആണിക്കാംപൊയിൽ മൈതാനപ്പള്ളിക്ക് സമീപമാണ് അപകടം.

തലശ്ശേരിയിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയരുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു. ഫയർഫോഴ്സ് എത്തി തീയണച്ചാണ് രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. സി.എൻ.ജി ഉപയോഗിക്കുന്ന ഓട്ടോറിക്ഷയാണ് കത്തിയത്.

സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനക്കുശേഷമെ അപകടകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *