പലവ്യഞ്ജന സ്റ്റോറിൽ നിന്ന് ബൺ വാങ്ങി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിച്ചു. ഇലകമൺ കക്കാട് കല്ലുവിള വീട്ടിൽ വിജുവാണ്(23) ഇന്നലെ രാവിലെ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ നേരിട്ടതിനെത്തുടർന്ന് വിജുവിന്റെ അമ്മ കമല സഹോദരങ്ങളായ വിനീത്, വിനീത എന്നിവർ ചികിത്സയിൽ തുടരുകയാണ്.
വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ കരവാരം ജംഗ്ഷനിലെ സ്റ്റോറിൽ നിന്ന് വാങ്ങിയ ബൺ കഴിച്ചതിനെ തുടർന്നാണ് വിജുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് സഹോദരൻ വിനീത് ആരോപിച്ചിരുന്നു. വിജുവാണ് ബൺ വാങ്ങിയത്. അമ്മയും സഹോദരങ്ങളും ഇത് കഴിച്ചിരുന്നു. യുവാവിന് രാത്രിയിൽ ഛർദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. രാവിലെ അനക്കം ഇല്ലാതെ കിടക്കുന്നതുകണ്ട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ചു കുടുംബം പൊലീസിന് മൊഴി നൽകിയിരുന്നു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ സുരക്ഷാ വകുപ്പ് പരിശോധന നടത്തുകയും സ്ഥാപനം താൽക്കാലികമായി അടയ്ക്കുവാൻ നോട്ടീസ് നൽകുകയും ചെയ്തു. വിജുവിന്റെ സഹോദരനും സഹോദരിയും ശാരീരിക അസ്വസ്ഥത നേരിട്ടത്തിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.അതേസമയം, വർക്കല ക്ഷേത്രം റോഡിലെ ന്യൂ സ്‌പൈസി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റവർ ചികിത്സയിൽ തുടരുകയാണ്.