പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയത് തന്നെ ആരോ ആക്രമിക്കാൻ വന്നതാണെന്നു ഭയന്നിട്ടാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. പൊലീസാണ് വന്നതെന്ന് അറിയില്ലായിരുന്നുവെന്നും തമിഴ്നാട്ടിലേക്കാണ് പോയതെന്നും ഷൈൻ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത് ഒന്നര മണിക്കൂർ പിന്നിട്ടു.
ഷൈനിന്റെ ഫോൺ പൊലീസും ഡാൻസാഫ് സംഘവും പരിശോധിക്കുകയാണ്. സെൻട്രൽ എസിപി സി.ജയകുമാർ, നാർക്കോട്ടിക് എസിപി കെ.എ. അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവവും അതിനു ശേഷമുണ്ടായ കാര്യങ്ങളുമാണ് പ്രധാനമായും ചോദിച്ചറിയുന്നത്.
ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ചോദിക്കുന്നത്. മുൻകാല കേസുകളെപ്പറ്റിയും ചോദിച്ചറിന്നുണ്ട്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കുന്നുണ്ട്. ഷൈനിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസിന്റെ പക്കലുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിനു കിട്ടിയ വിവരങ്ങളും പൊലീസ് കൈപ്പറ്റിയിട്ടുണ്ട്. ഇതടക്കം നിരത്തിയാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്.