ഓടയിൽ വീണ് വിദേശിയുടെ കാലൊടിഞ്ഞ സംഭവം; നടക്കാൻപോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്ന് ഹൈക്കോടതി

ഫോർട്ട്‌കൊച്ചിയിൽ തകർന്നുകിടന്ന ഓടയിൽ വീണ് വിദേശ ടൂറിസ്റ്റിന്റെ കാലൊടിഞ്ഞ സംഭവം നാണക്കേടാണെന്ന് കേരളാ ഹൈക്കോടതി. വിനോദസഞ്ചാര കേന്ദ്രമെന്ന് അവകാശപ്പെടുമ്പോഴും നടക്കാൻപോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികളിലാണ് കോടതിയുടെ വാക്കാലുള്ള വിമർശനം. വിഷയത്തിൽ അധികൃതരുടെ വിശദീകരണം തേടിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്.

ഇത്തരം സംഭവങ്ങളെക്കുറിച്ചെല്ലാം വിദേശികൾ അവരുടെ രാജ്യത്തുപോയി എന്താകും പ്രതികരിക്കുക. കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം എന്തു ചിന്തിക്കുമെന്നും കോടതി ചോദിച്ചു. പുതുക്കിപ്പണിയാൻ തുറന്നിട്ടിരുന്ന കാനയിൽ വീണാണ് വിദേശിയായ വിനോദസഞ്ചാരിക്ക് പരിക്കേറ്റത്. നടക്കാൻപോലും പേടിക്കേണ്ട നാടെന്ന് മറുനാട്ടുകാർ കരുതിയാൽ ഇവിടെയെങ്ങനെ ടൂറിസം വളരും. ടൂറിസം മാപ്പിൽ കൊച്ചിയെ മാത്രമല്ല കേരളത്തെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *