ആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാൽ നായകനായെത്തിയ ‘ഒപ്പം’ സിനിമയിൽ അനുവാദമില്ലാതെ അപകീർത്തി വരും വിധം അധ്യാപികയുടെ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയിൽ വിധി. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നൽകാനുമാണ് ചാലക്കുടി മുൻസിപ്പ് എം എസ് ഷൈനി വിധിച്ചത്.
കാടുകുറ്റി വട്ടോലി സജി ജോസഫിൻറെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസാണ് പരാതി നൽകിയത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകൾക്ക് നീതി ലഭിക്കണമെന്നും പ്രിൻസി ഫ്രാൻസിസ്, സജി ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇപ്പോൾ പത സമ്മേളനം വിളിക്കാൻ കാരണമുണ്ട്. ഒരു സാധാരണ സ്ത്രീക്ക് നിയമപരിരക്ഷ ഉണ്ടെന്നു പറയുമ്പോഴും എട്ട് വർഷവും രണ്ട് ലക്ഷം രൂപയും മാസംതോറും കോടതിയിലുമായി അലച്ചലും വേണ്ടി എന്നവർ പറഞ്ഞു.എന്തു പരിരക്ഷയാണ് സ്ത്രീകൾക്കുള്ളതെന്ന ചോദ്യം സമൂഹത്തിനു മുന്നിൽ പറയുന്നതിനു വേണ്ടിയാണ് ഇവിടെ വന്നതെന്നും അവർ പറഞ്ഞു
പ്രിയദർശൻ സംവിധാനം ചെയ്ത ‘ഒപ്പം’ സിനിമയുടെ 29-ാം മിനിറ്റിൽ അനുശ്രീ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ഒരു ക്രൈം ഫയൽ മറച്ചു നോക്കുന്ന രംഗമുണ്ട്. ഇതിൽ ഒരു സ്ത്രീയുടെ ഫോട്ടോ കാണിക്കുന്നുണ്ട്. ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ നൽകിയത്.
ഫോട്ടോ അനുവാദമില്ലാതെ തന്റെ ബ്‌ളോഗിൽ നിന്ന് എടുക്കുകയായിരുന്നു.
ഫോട്ടോ ബ്ലർ ചെയ്യാൻ ആവശ്യപ്പെട്ടുവെങ്കിലും സിനിമ പ്രവർത്തകർ അതിന് തയ്യാറായില്ല.മാനസിക വിഷമത്തിനെ തുടർന്ന് 2017ൽ ആണ് പ്രിൻസി കോടതിയെ സമീപിച്ചത്.
തുടർന്ന് ആന്റണി പെരുമ്പാവൂർ, പ്രിയദർശൻ, അസി.ഡയറക്ടർ മോഹൻദാസ് എന്നിവർക്കെതിരെ നോട്ടീസ് അയച്ചു. ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവർത്തകർ നിഷേധിക്കുകയായിരുന്നു. ഇതുവരെയും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. ഈ പരാതിയിലാണ് ഇപ്പോൾ നിർമാതാക്കൾക്കെതിരെ കോടതി വിധി വന്നിരിക്കുന്നത്.