എൽദോസിനെ ഫോണിൽ കിട്ടുന്നില്ല, പാർട്ടി സ്ത്രീപക്ഷത്ത്; വി ഡി സതീശൻ

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മിൻറെ ക്ലീഷേ ന്യായീകരണത്തിന് കോൺഗ്രസില്ലെന്നും കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്നും വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് ഒരു തരത്തിലും പ്രതിരോധിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിൻറെ വിശദീകരണം കേൾക്കുക എന്നത് സാമാന്യ മര്യാദയാണ് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ബലാത്സംഗ കേസിൽ എംഎൽഎയുടെ മുൻകൂർ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എൽദോസിന് ഒളിവിൽ പോകേണ്ട ആവശ്യമില്ലെന്നും ഇന്നോ നാളെയോ അദ്ദേഹത്തിന്റെ വിശദീകരണം ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ പ്രതിരോധിക്കാൻ കോൺഗ്രസ് ശ്രമിക്കില്ല. എന്നാൽ, വിശദീകരണം തേടുക എന്നത് സ്വാഭാവിക നീതിയാണെന്നും വി ഡി സതീശൻ പറഞ്ഞു. എംഎൽഎയെ പല തരത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ലെന്ന് പറഞ്ഞ വി ഡി സതീശൻ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ എത്രയും പെട്ടെന്ന് കെപിസിസിക്ക് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെ പ്രതിപക്ഷ നേതാവ് വിമർശിച്ചു. സർക്കാർ ചെലവിൽ പോകുമ്പോൾ മലയാളിക്ക് എന്ത് നേട്ടമുണ്ടായി എന്ന് ജനങ്ങളോട് പറയാൻ അവർ ബാധ്യസ്ഥരാണ്. വിദേശ യാത്രയിൽ വിദ്യാഭ്യാസ മന്ത്രിയെ സ്വാധീനിച്ച കാര്യം പറഞ്ഞാൽ നമ്മുക്കും പഠിക്കാമായിരുന്നുവെന്ന് വി ഡി സതീശൻ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *