സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങളില്‍ സിനിമയ്ക്കും പങ്കുണ്ടാകാമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാല്‍ എല്ലാം തുടങ്ങിയത് സിനിമയില്‍ നിന്നാണെന്നു പറയരുതെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമ കണ്ടാല്‍ മാത്രം പോര, വിവേകം ഉപയോഗിച്ചു മനസിലാക്കണം. ആക്രമണങ്ങള്‍ തടയാന്‍ സമൂഹം ഒന്നായി രംഗത്ത് ഇറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘‘എല്ലാവരും വിമര്‍ശിക്കുന്നത് ഇടുക്കി ഗോള്‍ഡ് എന്ന സിനിമയെ ആണ്. അങ്ങനെ ഒരു അവസ്ഥയുള്ളതുകൊണ്ടാണ് ആ സിനിമ ഉണ്ടായത്. അല്ലാതെ വായുവില്‍ നിന്ന് ആവാഹിച്ചെടുത്ത് നിങ്ങള്‍ക്ക് സമ്മാനിച്ചതാണോ, അല്ലല്ലോ? അതിനെ മഹത്വവൽക്കരിച്ചതിനു പിന്നില്‍ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന് ആ കലാകാരന്മാരോട് ചോദിക്കണം. സിനിമയിലെ വയലന്‍സിനെ കുറിച്ചു പറയാന്‍ ഞാന്‍ ആളല്ല. നേരിയ തോതിലെങ്കിലും സിനിമയില്‍ വയലന്‍സ് കാണിച്ചു വളര്‍ന്ന ആളാണ് ഞാന്‍. ഇത് നല്ലതല്ല, കണ്ടു ആനന്ദിക്കാനുള്ളതല്ല. പഠിക്കാനും മനസിലാക്കാനും വേണ്ടിയുള്ള സിനിമയാണ്, അതൊക്കെ. മനസിലാക്കുക എന്നൊരു കാര്യം കൂടിയുണ്ടല്ലോ’’ – സുരേഷ് ഗോപി പറഞ്ഞു.
കുട്ടികള്‍ ഇങ്ങനെയാകുന്നതു കാണുമ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് വീട്ടില്‍ വന്ന് നില്‍ക്കണമെന്ന് തോന്നി. മക്കള്‍ കുടുംബത്തിന്റെ മാത്രം സ്വത്തല്ല, രാജ്യത്തിന്റെ സ്വത്താണ്. ഓരോ കുഞ്ഞും ജനിച്ചുവീഴുന്നത് രാജ്യത്തിനു ശക്തമായ സംഭാവന നല്‍കി രാജ്യത്തെ രക്ഷിക്കാനാണ്. ഒരു കുഞ്ഞുപോലും പാഴായി പോകാനും പൊലിഞ്ഞുപോകാനും പാടില്ല. എല്ലാ പൂര്‍ണതയിലേക്ക് എത്തിച്ച് അടുത്ത തലമുറയെ എല്‍പ്പിച്ച് പോകുന്ന നല്ല മാനസികാരോഗ്യം അവര്‍ക്ക് വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.