എഡിഎമ്മിൻ്റെ മരണം: കേസ് അന്വേഷണം പ്രത്യേക പൊലീസ് സംഘത്തിന് കൈമാറി

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല നൽകിയിട്ടുണ്ട്.

ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തിൽ അന്വേഷണം നടത്തിയത്. കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29 ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും.

അതേസമയം റവന്യൂ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത ഇന്നലെ റിപ്പോർട്ട് സർക്കാരിന് സമ‍ർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് നിലവിൽ കേസന്വേഷിക്കുന്ന പൊലീസ് സംഘം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിൻ്റെ ഭാര്യാസഹോദരനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

നിലവിൽ കണ്ണൂർ ടൗൺ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ ജില്ലാ ഭരണകൂടത്തിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ പിപി ദിവ്യയാണ് പ്രതിസ്ഥാനത്ത്. ഉന്നത സ്ഥാനീയരാണ് രണ്ട് പേരുമെന്നത്കൊണ്ടാണ് കേസ് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയത്.

നിലവിൽ കേസന്വേഷിക്കുന്ന കണ്ണൂർ ടൗൺ പൊലീസ് എസ്എച്ച്ഒമാരായ ശ്രീജിത്ത് കോടേരി, സനൽ കുമാർ, എസ്ഐമാരായ നവ്യ സജി, രേഷ്‌മ, സൈബർ സെൽ എഎസ്ഐ ശ്രീജിത്ത് എന്നിവരാണ് പുതിയ പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *