തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തിൽ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വൈസ് ചാൻസിലർക്ക് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് അധ്യാപകനായ പി പ്രമോദിനെതിരെയാണ് നടപടി. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് പൂജപ്പുര ഐസിഎം കോളജിൽ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്.
തനിക്കെതിരെ നടപടിയെടുത്തത് സർവകലാശാലയുടെ മുഖം രക്ഷിക്കാനാണെന്ന് അധ്യാപകൻ പ്രമോദ് പ്രതികരിച്ചു. സർവകലാശാലയുടെ തെറ്റ് മറച്ചു വെച്ചാണ് തനിക്കെതിരെ നടപടിയെടുത്തത്. പിരിച്ചുവിടാൻ മാത്രം വലിയ തെറ്റ് താൻ ചെയ്തിട്ടില്ല. മാറ്റി നിർത്തലിലോ സസ്‌പെൻഷനിലോ ഒതുക്കേണ്ട നടപടിയായിരുന്നു. നടപടി അറിഞ്ഞത് മാധ്യമ വാ4ത്തകളിലൂടെയാണ്. പിരിച്ചുവിട്ടെങ്കിൽ ആ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പ്രമോദ് പ്രതികരിച്ചു.