‘ഉള്ളിലെ സംഘി പുറത്ത് വരുന്നു’; ‘പാണക്കാട്’ തങ്ങൾക്കെതിരായ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല: രാഹുൽ മാങ്കൂട്ടത്തിൽ

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായ വിജയന്‍റെ പ്രസ്കതാവനക്കെതിരെ വിമർശനവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാണക്കാട് തങ്ങൾക്കെതിരെ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നു എന്നാണ് പിണറായി പാലക്കാട് പറഞ്ഞത്. പിആർ ഏജൻസികൾ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞതെന്നും രാഹുൽ പറഞ്ഞു. സുരേന്ദ്രന് സംസാരിക്കാൻ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുൽ പരിഹസിച്ചു.

തനിക്കെതിരെയുള്ള കള്ളപ്പണം, ട്രോളി ബാഗ് ആരോപണമെല്ലാം തെരഞ്ഞെടുപ്പിൽ പോസിറ്റീവ് ആയി ഗുണം ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ട്രോളി ബാഗ് ആരോപണത്തിൽ ഇത്രയും നാളായിട്ടും പൊലീസ് ഒരു എഫ്ഐആർ എടുത്തിട്ടില്ല. ജനം ഇതെല്ലാം കാണുന്നുണ്ട്. അതെല്ലാം വോട്ടായി മാറും. സിപിഎം ആണ് പാലക്കാട്ട് കോൺഗ്രസിന്‍റെ മുഖ്യ എതിരാളി. മികച്ച പോളിംഗ് ഉണ്ടാകും. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് പ്രചരണത്തിലുള്ളത്. ആധികാരികമായ ജയം കോൺഗ്രസിനായിരിക്കുമെന്നും രാഹുൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *