സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. ഒടുവിലെ വിവരമനുസരിച്ച് എൽഡിഎഫിന്റെ ആറ് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കീരപ്പാറ പഞ്ചായത്തിൽ ഇടതിന് ഭരണം നഷ്ടമായി. പറവൂർ നഗരസഭ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 13 എൽഡിഎഫ് 11 ബിജെപി 4 മറ്റുള്ളവർ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.
എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്റി ജോസ് വിജയിച്ചു. എൽ ഡിഎഫിൽ നിന്നും സീറ്റ് പിടിച്ചെടുത്ത യുഡിഎഫ് 41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്.
യുഡിഎഫ് വിജയിച്ചതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും. ആറാം വാർഡിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച അംഗത്തിൻ്റെ പിന്തുണയോടെ എൽ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗത്തെ അയോഗ്യ യാക്കി ഉത്തരവിറക്കിയത്. അതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
എറണാകുളം പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷൻ സിപിഎം സ്ഥാനാർത്ഥി നിമിഷ ജിനേഷ് 160 വോട്ടുകൾക്ക് വിജയിച്ചു. ബിജെപിയുടെ സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു. പൂതൃക്ക പഞ്ചായത്ത് പതിനാലാം വാർഡ് യു.ഡിഎഫ് മോൻസി പോൾ 135 വോട്ടുകൾക്ക് വിജയിച്ചു. സിറ്റിംഗ് സീറ്റ് യുഡിഎഫ് നിലനിർത്തി.