ഇരുകാലുകൾക്കും സ്വാധീനമില്ലാത്തയാൾക്ക് വികലാംഗ പെൻഷൻ തടഞ്ഞ് വെച്ചു ; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു , പെൻഷൻ അനുവദിച്ചു

ജന്മനാ പോളിയോ ബാധിച്ച് രണ്ടുകാലുകള്‍ക്കും സ്വാധീനമില്ലാത്തയാള്‍ക്ക് മസ്റ്ററിങ് നടത്തിയില്ലെന്ന പേരില്‍ പഞ്ചായത്ത് അധികൃതര്‍ തടഞ്ഞുവച്ച വികാലാംഗപെന്‍ഷന്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് അനുവദിച്ചു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉപ്പുതറ ചേര്‍പ്പുളശേരി വിഷ്ണു പൊന്നപ്പന്റെ (33) വികലാംഗ പെന്‍ഷനാണ് പഞ്ചായത്ത് തടഞ്ഞത്.

വാക്കറിന്റെ സഹായത്താലുള്ള ജീവിതം 

വാക്കറിന്റെ സഹായത്തോടെയാണ് വിഷ്ണു ജീവിക്കുന്നത്. വിഷ്ണുവിന്റെ അമ്മ വാഹനാപകടത്തില്‍ മരിച്ചു. പിന്നാലെ അച്ഛനും മരിച്ചു. അച്ഛന്റെ സഹോദരിയുടെ മകളുടെ വീട്ടിലാണ് വിഷ്ണു താമസിക്കുന്നത്. ലോട്ടറി കച്ചവടം നടത്തിയാണ് വിഷ്ണു മുന്നോട്ടു പോയിരുന്നത്. എന്നാല്‍ വാഹനം കേടായതോടെ കച്ചവടം നിലച്ചു.

2004 മുതല്‍ വിഷ്ണുവിന് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. മസ്റ്ററിങ് നടത്തിയിട്ടും പെന്‍ഷന്‍ തടഞ്ഞെന്നാണ് പരാതി. ഇപ്പോൾ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ അനുവദിച്ചതായി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷ്ണുവിന് വേണ്ടി പൊതുപ്രവര്‍ത്തകനായ ഗിന്നസ് മാടസാമിയാണ് കമ്മിഷനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *