ഇത് അപൂർവം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14കാരന് രോഗമുക്തി

കോഴിക്കോട് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി. മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ലോകത്തുതന്നെ മസ്തിഷ്‌ക ജ്വരം ബാധിച്ച് രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയ മുഴുവൻ സംഘത്തെയും അഭിനന്ദിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ രോഗ ലക്ഷണങ്ങൾ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. അന്നേദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാവുകയും കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 14കാരനായി ആരോഗ്യവകുപ്പ് മിൽട്ടെഫൊസൈൻ മരുന്ന് പ്രത്യേകമായി എത്തിച്ച് നൽകുകയും ചെയ്തു. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് കുട്ടി രോഗമുക്തി നേടിയത്. നേരത്തെ തന്നെ രോഗം കണ്ടെത്താൻ സാധിച്ചതും, ലഭ്യമായ ചികിത്സകൾ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താൻ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാൻ കഴിഞ്ഞതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *