‘ഇത്രയും ലാത്തിച്ചാർജ് ഏറ്റുവാങ്ങിയ ഏത് പൊതുപ്രവർത്തകയുണ്ട് കേരളത്തിൽ’; വാര്‍ത്താ സമ്മേളനത്തില്‍ നിറകണ്ണുകളോടെ ശോഭാ സുരേന്ദ്രൻ

വാര്‍ത്താസമ്മേളനത്തിനിടെ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രൻ. വ്യാജ വാർത്ത കൊടുത്ത് പലരും തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് അവർ പറഞ്ഞത്. പിറന്നാൾ ദിനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് ശോഭാ സുരേന്ദ്രൻ സംസാരിച്ചത്. ജില്ലാ നേതൃത്വത്തിന് തന്നെ താൽപ്പര്യമില്ലെന്ന തരത്തിലുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാർത്തകൾ തന്നെ തകർക്കാൻ കൊടുക്കുന്നതാണെന്നും ഇനിയും ഇങ്ങനെയുണ്ടായാൽ വെറുതേയിരിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറ‌ഞ്ഞു. ആലപ്പുഴയിലെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപി യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്‍റെ വാര്‍ത്താസമ്മേളനം.

മുണ്ട് മുറുക്കിയുടുത്താണ് ആലപ്പുഴയിൽ ത്രികോണ മത്സരം എന്ന സാഹചര്യം ഉണ്ടാക്കിയത്. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണം എന്ന് ഒരു ചാനൽ മുതലാളി വിളിച്ച് പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ താൻ പുകഴ്‌ത്തുന്നത് ചാനൽ മുതലാളിയെ അപമാനിക്കാൻ ആണെന്ന് പറഞ്ഞു, താൻ മൂന്നാം സ്ഥാനത്തെത്തും എന്ന് പറയുന്ന ചാനല്‍ സര്‍വേ ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നും ശോഭ സുരേന്ദ്രൻ. ഇത്രയും ഭീകരിയാണോ ഞാൻ, ഇങ്ങനെ ഇല്ലാതാക്കാൻ‌ നോക്കാൻ? ഇത്രയും ലാത്തിച്ചാർജ് ഏറ്റുവാങ്ങിയ ഏത് പൊതുപ്രവർത്തകയുണ്ട് കേരളത്തിൽ എന്നും അവർ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *