ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നത്: കേന്ദ്രമന്ത്രി പങ്കജ് ചൗധരി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി പങ്കജ് ചൗധരി. ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലല്ല എന്നും അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പങ്കജ് ചൗധരി. രാജ്യത്ത് പല കേസുകളിലും ഇഡി റെയിഡ് നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ബാങ്കിലെ സംശയകരമായ പണമിടപാടുകളുടെ രേഖകൾ ഇഡിക്ക് കിട്ടിയിരുന്നു. കേസിലെ പ്രതി സതീഷ് കുമാർ നടത്തിയ ഇടപാടുകളിലും വിവരങ്ങൾ തേടും. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്‍റ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സിപിഎം നേതാവ് എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണനെ ഏഴ് മണിക്കൂറോളമാണ് ചോദ്യംചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പിപി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് എം.കെ കണ്ണനെ ചോദ്യം ചെയ്തത്. എംകെ കണ്ണൻ അദ്ധ്യക്ഷനായ ബാങ്കിലെ സതീഷ് കുമാറിന്‍റെ ബിനാമി നിക്ഷേപത്തിൽ നിന്നും പിപി കിരണിന് വേണ്ടി കരുവന്നൂർ ബാങ്കിലേക്ക് പോയ പണത്തിലാണ് ഇഡിയുടെ സംശയങ്ങൾ.

പണമിടപാടിന്‍റെ രേഖകൾ ഇ ഡി കണ്ടെടുത്തിരുന്നു. ഈ പണമിടപാടുകൾ സംബന്ധിച്ച് പിന്നീട് സതീഷ് കുമാറും കിരണും തമ്മിൽ പൊലീസ് കേസ് ഉണ്ടാവുകയും എ.സി മൊയ്തീൻ, എംകെ കണ്ണൻ അടക്കമുള്ളവർ പ്രശ്ന പരിഹാരത്തിന് ഇടപെട്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ചോദ്യംചെയ്യലിന് ശേഷം ഇഡിക്കെതിരെ എംകെ കണ്ണൻ രംഗത്തെത്തി. വെള്ളിയാഴ്ച ഇഡി ഓഫീസിലെത്താൻ അറിയിച്ചിട്ടുണ്ടെന്നും താൻ ഹാജരാകുമെന്നും എംകെ കണ്ണൻ പറഞ്ഞു. കേസിൽ നിലവിൽ സിപിഎമ്മിന്‍റെ രണ്ട് സംസ്ഥാന സമിതി അംഗങ്ങളാണ് ഇഡി അന്വേഷണനിഴലിൽ ഉള്ളത്. കേസിൽ എ.സി മൊയ്തീനിനെ വീണ്ടും ചോദ്യംചെയ്യാനിരിക്കെയാണ് എംകെ കണ്ണനെയും വിളിപ്പിച്ചത്. കണ്ണനുമായി ബന്ധപ്പെട്ട ഇനിയുള്ള നടപടികൾ എസി മൊയ്തീനെ സംബന്ധിച്ചും നിർണ്ണായകമാണ്. 

Leave a Reply

Your email address will not be published. Required fields are marked *