ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാത കേസ്; കുട്ടിയുടെ മൃതദേഹം കത്തിച്ചെന്ന് പ്രതിയുടെ മൊഴി, വീണ്ടും ചോദ്യം ചെയ്യും

ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ തെളിവ് കണ്ടെത്താനാകാതെ പൊലീസ്. മൂന്ന് പ്രതികളെയും കുട്ടിയുടെ അമ്മയേയും പോലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞുവെന്ന മൊഴി ശരിയാണോ എന്ന് പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ.

മൂന്നുദിവസമായി കട്ടപ്പന ഇരട്ടക്കൊലപാത കേസിലെ മുഖ്യപ്രതി നിതീഷ് പോലീസ് കസ്റ്റഡിയിലാണ്. നവജാത ശിശുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിതീഷ് മൊഴിമാറ്റി പറയുന്നത് പോലീസിനെ വലയ്ക്കുന്നുണ്ട്. നാളെ കസ്റ്റഡി കാലാവധി തീരാൻ ഇരിക്കെ, ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. തൊഴുത്തിൽ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിന് ശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും, അവശിഷ്ടം വിജയൻ പുഴയിൽ ഒഴുക്കിയെന്നുമാണ് നിതീഷിന്റെ പുതിയ മൊഴി. ഇത് സ്ഥിരീകരിക്കാൻ നിതീഷിന്റെ കൂട്ടാളി വിഷ്ണുവിനെയും, അമ്മ സുമയേയും, സഹോദരിയെയും ഒരുമിച്ചിരുത്തിയും, അല്ലാതെയും ചോദ്യം ചെയ്യും.

വർഷങ്ങളോളം മുറിക്കുള്ളിൽ അടച്ചിട്ട് കഴിഞ്ഞതിനാൽ സുമയുടെയും, മകളുടെയും മാനസികാവസ്ഥ പൂർവ്വസ്ഥയിൽ ആയിട്ടില്ല. കൗൺസിലിംഗ് ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക. അതിനുശേഷം വിജയന്റെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ടുള്ള സുമയെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്കും കടക്കും.

Leave a Reply

Your email address will not be published. Required fields are marked *