ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും; രജനീകാന്തിനെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

യുപി സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍തൊട്ടു വന്ദിച്ച സൂപ്പര്‍താരം രജനീകാന്തിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ”കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്… എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും..!” എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിനൊപ്പം #hukum #jailer എന്നീ ഹാഷ്ടാഗുകളും കൊടുത്തിട്ടുണ്ട്. യോഗിയുടെ കാലില്‍ തൊട്ടുവണങ്ങുന്ന രജനീകാന്തിന്‍റെ വീഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. രജനിയെക്കാള്‍ ഇരുപതിലേറെ വയസ് കുറഞ്ഞ് യോഗിയുടെ കാല്‍തൊട്ടുവന്ദിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.തന്‍റെ പുതിയ ചിത്രമായ ജയിലര്‍ ലഖ്നോവില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് രജനീകാന്ത് എത്തിയത്. യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്‍റെ കാല്‍ തൊട്ടുവണങ്ങുകയായിരുന്നു. യോഗി ആദിത്യനാഥുമായി ചേർന്നു സിനിമ കാണാൻ ആഗ്രഹുമുണ്ട് എന്നും സിനിമയുടെ വലിയ വിജയം ദൈവത്തിന്‍റെ അനുഗ്രഹമായി കാണുന്നു എന്നും ലക്‌നൗവിലക്ക് തിരിക്കും മുൻപ് രജനികാന്ത് പറഞ്ഞിരുന്നു. എന്നാൽ ജയിലര്‍ സ്‌ക്രീനിങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യയാണ് സിനിമ കാണാൻ എത്തിയത്.

യുപിയിലെത്തിയ രജനി സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും കണ്ടിരുന്നു. മൈസൂരുവിൽ എഞ്ചിനീയറിങ് പഠനകാലം മുതൽ രജനിയെ പരിചയമുണ്ടെന്നും കഴിഞ്ഞ ഒമ്പതു വർഷമായി തങ്ങൾ സുഹൃത്തുക്കളാണെന്നും അഖിലേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *