ആർജെ ലാവണ്യയുടെ വിയോഗം ; വേർപാടിന്റെ വേദന പങ്കുവെച്ചുള്ള കുറിപ്പുകളുമായി സുഹൃത്തുക്കൾ

റേഡിയോ കേരളം 1476 AM ന്റെ ആർ ജെ ലാവണ്യ(രമ്യാ സോമസുന്ദരം)യുടെ അപ്രതീക്ഷിത വേര്‍പാടിന്‍റെ വേദന പങ്കുവെച്ച് സുഹൃത്തുക്കള്‍. ജീവിതത്തെ കുറിച്ച് വളരെ പോസിറ്റീവായി സംസാരിക്കുകയും സോഷ്യല്‍ മീഡിയ വഴി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ലാവണ്യ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

ആഴ്ചകള്‍ക്ക് മുമ്പ് ‘ഇതും കടന്ന് പോകും’ എന്ന കുറിപ്പോടെ ആര്‍ ജെ ലാവണ്യ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജീവിതത്തോട് പോസിറ്റീവ് മനോഭാവം പുലര്‍ത്തിയ ലാവണ്യയുടെ വേര്‍പാടിന്‍റെ നടുക്കത്തിലാണ് സുഹൃത്തുക്കള്‍. ജാസി ഗിഫ്റ്റ്, ആര്‍ ജെ അമന്‍ എന്നിവരടക്കം ലാവണ്യയെ അനുസ്മരിച്ച് കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്. ‘അമന്‍ എന്ന് ആദ്യം വിളിച്ചവള്‍. എനിക്ക് ഈ പേര് തന്നവള്‍ ഇനി ഓര്‍മ്മ. അളിയാ വിട. ഒരു വേദനയും ചെറുതായി കാണരുത്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു ഫുള്‍ ബോഡി ചെക്കപ്പ് നടത്തുക. മൂന്നാഴ്ചക്കുള്ളില്‍ ഇവള്‍ക്കിത് സംഭവിച്ചു’ -‘ക്യാന്‍സര്‍’ എന്ന ഹാഷ്ടാഗ് നല്‍കി ആര്‍ ജെ അമന്‍ കുറിച്ചു. ലാവണ്യയുടെ വേര്‍പാട് വളരെ ആഴത്തില്‍ അനുഭവപ്പെടുമെന്ന് മരണ വിവരം അറിയിച്ച് ജാസി ഗിഫ്റ്റ് കുറിച്ചു. വിശ്വസിക്കാനാകുന്നില്ലെന്നും എന്തൊരു പോക്കാണ് പോയതെന്നുമൊക്കെയാണ് ലാവണ്യയുടെ വേര്‍പാടില്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്‍റുകള്‍.

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ആര്‍ജെ ലാവണ്യ. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം , റോഡിയോ ടോക്കി തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *