ആർഎൽവി പരീക്ഷണം വിജയം

പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം (ആർഎൽവി) വിജയമായത് ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം തിരികെ സുരക്ഷിതമായി ഇറക്കാനുള്ള ഇന്ത്യയുടെ ദൗത്യങ്ങൾക്കു കരുത്താകും. പരീക്ഷണത്തിന്റെ പ്രധാന ഘട്ടങ്ങളെല്ലാം തയാറാക്കിയത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‍സി) ആണ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) പ്രഖ്യാപിച്ച ഗഗൻയാൻ പദ്ധതിയിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കില്ല.

ആർഎൽവി പരീക്ഷണത്തിനായി ആദ്യമായാണ് ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് 1.6 ടൺ ഭാരമുള്ള വാഹനം അന്തരീക്ഷത്തിൽ 4.5 കിലോമീറ്റർ ഉയർത്തുന്നത്. അത്രയും ഉയരത്തിൽനിന്ന് സെക്കൻഡിൽ 92 മീറ്റർ വേഗത്തിൽ (മണിക്കൂറിൽ 331 കിലോമീറ്റർ) റൺവേയിലേക്കു പറത്തിവിട്ട സ്പേസ് ക്രാഫ്റ്റ് വിവിധ ഘട്ടങ്ങളിലായി വേഗം കുറച്ചു മുൻകൂട്ടി നിശ്ചയിച്ച റൺവേയിൽ ലാൻഡ് ചെയ്ത് 2.7 കിലോമീറ്റർ ദൂരം സഞ്ചരിച്ച ശേഷം സുരക്ഷിതമായി നിർത്താനായി.

ഇതിനെക്കാൾ 1.6 മടങ്ങു വീതിയും വലുപ്പവുമുള്ള വാഹനമായിരിക്കും ബഹിരാകാശ പരീക്ഷണത്തിന് ഉപയോഗിക്കുക. ശബ്ദത്തിന്റെ 30 മടങ്ങ് വേഗത്തിലാകും (ഹൈപ്പർസോണിക്) ബഹിരാകാശ പേടകം ഭ്രമണപഥത്തിൽനിന്നു തിരിച്ചിറങ്ങുന്നത്. പാരഷൂട്ടിന്റെ സഹായത്തോടെ റൺവേയിൽ ലാൻ‍ഡ് ചെയ്ത ശേഷം ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച‍ാണു നിർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *