ആർഎസ്എസിനെതിരായ പരാമർശം; കെ സുധാകരനും പിപി ചിത്തരഞ്ജനുമെതിരെ കേസ്

ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർ എസ് എസിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് സിപിഎം നേതാക്കൾക്കെതിരെ കേസുമായി ബിജെപി സംസ്ഥാന വക്താവ് ആർ സന്ദീപ് വാചസ്പതി. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, ആലപ്പുഴ എം എൽ എയും സിപിഎം നേതാവുമായ പി പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു.

പരാതിക്കാരന്റെ മൊഴി എടുക്കാനായി കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. ജനുവരി മുപ്പതിന് ഫെയ്‌സ്ബുക്കിൽ ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. രാജ്യത്തെ നീതിന്യായ കോടതികളും അന്വേഷണ കമ്മീഷനുകളും തള്ളിക്കളഞ്ഞ ആരോപണം വീണ്ടും ഉന്നയിച്ചത് സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കാനും മത സ്പർദ്ധ വളർത്താനുമുള്ള ദുരുദ്യേശ്യത്തോട് കൂടിയാണെന്നും സന്ദീപ് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം നേതാക്കളുടെ ആരോപണം ആർ എസ് എസിനെയും സംഘ പരിവാർ സംഘടനകളെയും പറ്റി സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കാൻ കരുതിക്കൂട്ടി ചെയ്തതാണെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *