സമരം നടത്തുന്ന ആശവർക്കർമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സംസ്ഥാന സർക്കാർ. നാളെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും ചർച്ച നടത്തുക. വൈകീട്ട് മൂന്ന് മണിക്ക് ചർച്ച നടത്തുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ആശമാരെ ആരോഗ്യമന്ത്രി ചർച്ചക്ക് വിളിക്കുന്നത്.
നാളെ നടക്കുന്ന ചർച്ചയിൽ മറ്റ് തൊഴിലാളി സംഘടനകളും പങ്കെടുക്കും. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ഉന്നയിച്ച ആവശ്യങ്ങളിൽ ഉത്തരവ് വരാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് ആശമാർ അറിയിച്ചു. ഓണറേറിയം കൂട്ടുന്ന കാര്യത്തിൽ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ആശമാരുടെ നിലപാട്.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കേന്ദ്രമന്ത്രി ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആശമാരെ വീണ്ടും സംസ്ഥാന സർക്കാർ ചർച്ചക്ക് വിളിച്ചത്.
വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശമാർ മുടിമുറിക്കൽ സമരം നടത്തിയിരുന്നു. രാപകൽ സമരം 50-ാം ദിവസം പിന്നിടുമ്പോഴാണ് മുടിമുറിച്ചുകൊണ്ടുള്ള പ്രതിഷേധം. സമരത്തെ സർക്കാർ നിരന്തരം അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് ആശമാർ കടുത്ത സമരരീതികളിലേക്ക് കടന്നത്.
18 വർഷത്തിലേറെയായി ആരോഗ്യ മേഖലയുടെ അടിത്തറയായി പ്രവർത്തിക്കുന്നവരാണ് വേതന വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്നതെന്ന് സമരനേതാക്കൾ ചൂണ്ടിക്കാട്ടി. ജനാധിപത്യ രീതിയിൽ സമൂഹത്തിനുതന്നെ മാതൃകയായി ആശമാരുടെ അവകാശ സമരം ശക്തമായി മുന്നേറുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിരുന്നില്ല.