ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്; എൽഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ: രാഹുൽ ഗാന്ധി

ആശയത്തിന്‍റെ കാര്യത്തിൽ എൽ ഡി എഫിനോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് രാഹുൽ ഗാന്ധി. ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൽ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ ആണെന്നും രാഹുൽ പറ‍ഞ്ഞു.

വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ട് തേടി മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോക്കിടെയാണ് യു ഡി എഫ് സ്ഥാനാർഥി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി.

പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. രാജ്യത്തിന്‍റെ അടിത്തറ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്‍റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആർ എസ് എസും ഭരണഘടനയെ ആക്രമിക്കുകയാണ്. തകർക്കാൻ നോക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്നു ഒരു ധാരണയും ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഒന്നിന് പുറകെ ഒന്നായി നാടകങ്ങൾ നടത്തുകയാണ് മോദി. ഇടയ്ക്ക് പുഴയിൽ കുളിക്കും, ഇടയ്ക്ക് സമുദ്രത്തിൽ ഇറങ്ങും, അങ്ങനെ എന്തൊക്കയോ ആണ് മോദി ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചു.

മോദി എന്ത് പറഞ്ഞാലും ഇവിടത്തെ മാധ്യമങ്ങൾ അദ്ദേഹത്തെ പുകഴ്ത്തും. ഇന്ത്യയിലെ പ്രധാന വിഷയങ്ങളെ മാധ്യമങ്ങൾ കാണില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങിയ കാര്യങ്ങളെ കുറിച് മാധ്യമങ്ങൾ മിണ്ടുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. നീതി രാഹിത്യം നിലനിൽക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *