‘ആരോ കൊല്ലാൻ ശ്രമിക്കുന്നു”; ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിലവിളിച്ച് സന്ദീപ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാദാസിനെ കുത്തികൊലപ്പെടുത്തിയ നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായിരുന്ന എസ്.സന്ദീപ് പൂജപ്പുര സെന്‍ട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള സെല്ലിൽ സന്ദീപിനെ നിരീക്ഷിക്കാനായി വാർഡൻമാരുമുണ്ട്.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി സന്ദീപിനെ പൊലീസ് ജയിൽ അധികൃതർക്ക് കൈമാറിയത്. ഡോക്ടര്‍മാർ പരിശോധന നടത്താൻ തയാറാകാത്തതിനാൽ പൊലീസ് ഏറെ വലഞ്ഞു. സ്വകാര്യ ആശുപത്രിയിലാണ് ഒടുവിൽ പരിശോധന നടത്തിയത്. സെൻട്രൽ ജയിലിന്‍റെ പ്രവേശന കവാടത്തിന് വലതു വശത്തുള്ള സുരക്ഷാ സെല്ലിലേക്ക് വീൽ ചെയറിലാണ് സന്ദീപിനെ കൊണ്ടുപോയത്.

ജയിലിലെ ഡോക്ടർ പരിശോധന നടത്തിയശേഷം രാത്രി ജയിൽ ഭക്ഷണം നൽകി. ഷുഗറിന്‍റെ അളവ് കുറവായതിനാൽ മരുന്നും ബ്രെഡും കൊടുത്തു. ആരോ കൊല്ലാൻ ശ്രമിക്കുന്നതായി ഇടയ്ക്കിടെ നിലവിളിച്ചതായി ജയിൽ അധികൃതർ പറഞ്ഞു. സന്ദീപിന്‍റെ ചില പെരുമാറ്റങ്ങളൊക്കെ അഭിനയമാണോ എന്നു സംശയിക്കുന്നതായും അവർ പറയുന്നു. അക്രമാസക്തനായതിനാൽ സെല്ലിൽ വേറെ ആരെയും സഹതടവുകാരായി ഇട്ടിട്ടില്ല. ജയിലിലെ നാല് സുരക്ഷാ സെല്ലുകളിൽ ഒരു സെല്ലാണ് സന്ദീപിനായി മാറ്റിവച്ചത്.

ഇന്ന് രാവിലെ ഏഴു മണിയോടെ സന്ദീപിനെ ജയിൽ ഡോക്ടര്‍ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. അമിതമായി ലഹരി ഉപയോഗിച്ചതിനാൽ ശരിയായ മാനസിക നിലയിലല്ല സന്ദീപെന്ന് ജയിൽ അധികൃതർ പറയുന്നു. ലഹരി തുടർച്ചയായി ഉപയോഗിച്ചതിലൂടെ ഉണ്ടായ ശാരീരിക മാനസിക പ്രശ്നങ്ങൾ മാറാന്‍ ദിവസങ്ങളെടുത്തേക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ മാനസിക ആരോഗ്യ വിദഗ്ധൻ സന്ദീപിനെ പരിശോധിക്കും. പ്രശ്നങ്ങളുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. ഡോക്ടറെ കുത്തിയ കാര്യം ഓർമയുണ്ടെന്നാണ് സന്ദീപ് ജയിൽ അധികൃതരോട് പറഞ്ഞത്. പ്രകോപനത്തിന് കാരണം ആരായുമ്പോൾ തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നതായാണ് സന്ദീപ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *