ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നതിന് പകരം അയൽവാസികളെ ചോദ്യം ചെയ്യുന്നു, ശ്രദ്ധയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനി ശ്രദ്ധയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. അമല്‍ജ്യോതി കോളേജിലെ ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നതിന് പകരം പെൺകുട്ടിയുടെ അയല്‍വാസികളുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് താത്പര്യം കാണിക്കുന്നതെന്ന് കുടുംബം കുറ്റപ്പെടുത്തി. ക്രൈംബ്രാഞ്ച് സത്യം കണ്ടെത്തുന്നില്ലെങ്കില്‍ നീതി തേടി കോടതിയെ സമീപിക്കുമെന്ന് ശ്രദ്ധയുടെ അച്ഛൻ സതീശൻ പറഞ്ഞു.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്‌നോളജി വിദ്യാര്‍ഥിനി ശ്രദ്ധ(20)യുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി നേരത്തെ കുടുംബം രംഗത്ത് വന്നിരുന്നു. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്നും, കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതര്‍ മനപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി.

തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയായ ശ്രദ്ധ കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Leave a Reply

Your email address will not be published. Required fields are marked *