ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് പവാറിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയത്. നവംബര്‍ രണ്ടാം തീയതിടെ പവാറിന് ആശുപത്രി വിടാനാകുമെന്നാണ് എന്‍സിപി നേതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘ശരദ് പവാറിന് മൂന്ന് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരും. നവംബർ 2 ന് അദ്ദേഹം ഡിസ്ചാർജ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’- എന്‍സിപി ദേശീയ ജനറൽ സെക്രട്ടറി ശിവാജിറാവു ഗാർജെ പറഞ്ഞു. അതേസമയം നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ഷിര്‍ദിയില്‍ നടക്കുന്ന എന്‍.സി.പി. ക്യാമ്പുകളില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് എന്‍.സി.പി. പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, നവംബര്‍ എട്ടിന് മഹാരാഷ്ട്രയില്‍ പ്രവേശിക്കുമ്പോള്‍ പവാറും യാത്രയ്ക്കൊപ്പം ചേരും.
ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാനുള്ള ക്ഷണം പവാര്‍ സ്വീകരിച്ചതായി മഹാരാഷ്ട്ര പി.സി.സി. അധ്യക്ഷന്‍ നാനാ പടോലെ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ അശോക് ചവാനും ബാലാസാഹേബ് തോറാട്ടും കൂടിക്കാഴ്ച്ച നടത്തിയെന്നും രാഹുൽ ഗാന്ധി നടത്തുന്ന യാത്രയുടെ ഭാഗമാകാനുള്ള ക്ഷണം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പവാർ നേരത്തെ പറഞ്ഞിരുന്നു.