ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ എനിക്ക് യാതൊരു മടിയുമില്ല; ‘വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന ബോദ്ധ്യം വന്നു’; ഇനി ശ്രദ്ധിക്കുമെന്ന് ബോച്ചെ

ജാമ്യവുമായി ബന്ധപ്പെട്ട നടപടികൾക്കായി ഇന്നുരാവിലെയാണ് അധികൃതർ തന്നെ സമീപിച്ചതെന്ന് ബോബി ചെമ്മണ്ണൂർ. സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാത്തതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും ബോബി വ്യക്തമാക്കി.

‘ജാമ്യം എടുക്കാൻ ആൾക്കാരില്ലാത്ത, പണം അടയ്ക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് എന്നെകൊണ്ട് സാധിക്കുന്ന സഹായം ചെയ്യാമെന്നേറ്റിരുന്നു. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നിയമസഹായത്തിനായി ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി ഒരുകോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ ഇതിന്റെ പേരിൽ കോടതിയെ ധിക്കരിച്ചുകൊണ്ട് മനഃപ്പൂർവം ഞാൻ പുറത്തിറങ്ങാത്തതാണെന്ന് പറയുന്നത് തെറ്റാണ്. ഞാൻ ഇത്രയും കാലം കോടതിയെ ബഹുമാനിച്ചിട്ടേയുള്ളൂ. ഭാവിയിലും അങ്ങനെയായിരിക്കും, അല്ലാതെ ഒരു വിവരക്കേടും ഞാൻ ചെയ്യില്ല. മനഃപ്പൂർവം അല്ലെങ്കിൽ പോലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ എനിക്ക് യാതൊരു മടിയുമില്ല.

ഇന്നലെ ആരും തന്നെ ഒരു കടലാസും ഒപ്പിടാൻ എന്റെയടുക്കൽ കൊണ്ടുവന്നില്ല. തെറ്റായി ഉദ്ദേശിച്ചുകൊണ്ട് മനഃപ്പൂർവം ആരെയും വേദനിപ്പിക്കാൻ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പറ്റാവുന്ന സഹായങ്ങളെ ഞാൻ ചെയ്തിട്ടുള്ളൂ. എന്റെ ഉദ്ദേശശുദ്ധി നല്ലതാണ്. ഞാൻ പൊതുവെ തമാശരൂപേണയാണ് സംസാരിക്കാറുള്ളത്. ആണുങ്ങളോടും പെണ്ണുങ്ങളോടും അങ്ങനെ തന്നെയാണ്. ഒരിക്കലും ഒരാളെ മോശമാക്കണമെന്ന് വിചാരിച്ച് ഒന്നും ചെയ്തിട്ടില്ല.

പുറത്തിറങ്ങുമ്പോൾ ജയിലിലേയ്ക്ക് ആരും വരരുതെന്ന് എല്ലാ ജില്ലകളിലെയും ബോച്ചെ ഫാൻസ് അസോസിയേഷൻ സംഘാടകരോട് പറഞ്ഞിരുന്നു. ഇവിടെവന്ന് ആഹ്ളാദപ്രകടനങ്ങൾ കാണിക്കുന്നത് എന്റെ ജാമ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് വരരുതെന്ന് നേരത്തെതന്നെ നി‌ർദേശം കർശനമായി നൽകിയിരുന്നു. ആരൊക്കെയാണ് ഇന്ന് വന്നതെന്ന് എനിക്കറിയില്ല.

ഇനി തീർച്ചയായും കോടതി നിർദേശപ്രകാരം തമാശയായാലും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന ബോദ്ധ്യം ഉണ്ടായി. അക്കാര്യത്തിൽ ഇനി ശ്രദ്ധിക്കും. ദ്വയാർത്ഥരീതിയിൽ ആകണമെന്ന് വിചാരിച്ചുകൊണ്ട് ചെയ്തതല്ല. തമാശപോലെ പറഞ്ഞതാണ്, ആരെയും വേദനിപ്പിക്കാൻ പ്രവർത്തിച്ചിട്ടില്ല. ഇനി വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളൂ’- ബോബി ചെമ്മണ്ണൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *