ആമയിഴഞ്ചാൽ അപകടത്തിൽ ഫയർഫോഴ്സ് ദൗത്യസംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ആമയിഴഞ്ചാൽ അപകടത്തില്‍ ഫയർഫോഴ്സ് ദൗത്യസംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ദുഷ്കരമായ സാഹചര്യത്തിലാണ് ഫയർഫോഴ്സ് സംഘം തെരച്ചിൽ നടത്തുന്നത്.

സ്കൂബ സംഘത്തിന് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് ദേവൻ രാമചന്ദ്രൻ നിര്‍ദ്ദേശിച്ചു. മാലിന്യം ഇങ്ങനെ കുമിഞ്ഞ് കൂടിയതിൽ പൊതുജനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുചീകരണ തൊഴിലാളിയെ വേഗത്തിൽ കണ്ടെത്താൻ ശ്രമം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അറിയിച്ച ദേവൻ രാമചന്ദ്രൻ, ഫയർഫോഴ്സ് മേധാവിയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

അതേസമയം, ജോയിക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ നാവിക സേനാ സംഘവും രക്ഷാദൗത്യത്തിൽ പങ്കാളികളാകും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. 

ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ 29 മണിക്കൂർ പിന്നിട്ട് കഴി‌‍ഞ്ഞു. എൻഡിആർഎഫിന്‍റെ നേതൃത്വത്തിലാണ് നിലവിൽ തിരച്ചിൽ നടക്കുന്നത്. ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിര്‍ത്തിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *