‘ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം’; ഓണ്‍ലൈന്‍ സേവനങ്ങള്‍ കര്‍ശനമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

അപേക്ഷകള്‍ പരിഗണിക്കുന്നതിലും തീര്‍പ്പുകല്പിക്കുന്നതിലും മോട്ടോര്‍ വാഹനവകുപ്പിലെ ഒരുവിഭാഗം ജീവനക്കാര്‍ സ്വജനപക്ഷപാതം കാണിക്കുന്നെന്ന ആക്ഷേപം. പരാതിക്ക് പരിഹാരമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം (എഫ്.സി.എഫ്.എസ്.) കര്‍ശനമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്. നാഗരാജു ഉത്തരവിട്ടു. പതിനൊന്ന് ഓണ്‍ലൈന്‍സേവനങ്ങളെ മോട്ടോര്‍ വാഹന വകുപ്പിന്റെ സാരഥി പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് ‘ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം’ നടപ്പാക്കുന്നത്.

ലേണേഴ്‌സ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്‌ളിക്കേറ്റ് ലൈസന്‍സ് അനുവദിക്കല്‍, ഡ്രൈവിങ് ലൈസന്‍സ് എക്‌സ്ട്രാക്റ്റ്, ഒരു നിശ്ചിത വിഭാഗം ലൈസന്‍സ് ഒഴിവാക്കി ഡ്രൈവിങ് ലൈസന്‍സ് നിലനിര്‍ത്തല്‍ (ഹെവി ലൈസന്‍സ് ഒഴിവാക്കി എല്‍.എം.വി. ലൈസന്‍സ് മാത്രം നിലനിര്‍ത്തല്‍പോലുള്ളത്), വിലാസം മാറ്റല്‍, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കല്‍, അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റ് അനുവദിക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ ഫോട്ടോയും ഒപ്പും മാറ്റല്‍, ഡ്രൈവിങ് ലൈസന്‍സിലെ ജനനത്തീയതി മാറ്റല്‍, കണ്ടക്ടര്‍ ലൈസന്‍സിലെ വിലാസംമാറ്റല്‍ തുടങ്ങിയ സര്‍വീസുകളുടെ അപേക്ഷകളിലാണ് നടപടി കര്‍ശനമാക്കുന്നത്.

മൂന്നുവര്‍ഷം മുന്‍പാണ് വിവിധ ഓണ്‍ലൈന്‍ സര്‍വീസുകളുടെ അപേക്ഷകള്‍ അപേക്ഷകരുടെ ക്രമത്തില്‍ സ്വീകരിക്കുന്ന രീതിയിലേക്ക് മോട്ടോര്‍വാഹനവകുപ്പ് മാറിയത്. എന്നാല്‍, പിന്നീട് ഇതില്‍ ചില ഇളവുകള്‍ വന്നെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി കര്‍ശനമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വീണ്ടും ഉത്തരവിറക്കിയത്. മോട്ടോര്‍ വാഹനവകുപ്പിലെ സോഫ്റ്റ്വേര്‍ ഈ രീതിയില്‍ ക്രമപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *