ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവതിയെ അടിച്ച് കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. അട്ടപ്പാടി തേക്കുമുക്കിയൂർ സ്വദേശി വള്ളിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

ഭർത്താവ് രംഗസ്വാമിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് പ്രത്യേക കോടതിയുടേതാണ് വിധി. 2014 ഒക്ടോബറിലാണ് വള്ളിയെരംഗസ്വാമി രംഗസ്വാമി കൊലപ്പെടുത്തിയത്.

പത്ത് വർഷം മുമ്പായിരുന്നു സംഭവം. ഷോളയൂർ തേക്കുംമുക്കിയൂരിലെ വീട്ടിൽ ഭർത്താവ് രംഗസ്വാമിയെ കാത്തിരിക്കുകയായിരുന്നു നാൽപതുകാരിയായ വള്ളി. പക്ഷെ, മദ്യപിച്ച് വീട്ടിലേക്കെത്തിയ രംഗസ്വാമി കയ്യിൽ കരുതിയ വടി ഉപയോഗിച്ച് വള്ളിയെ ആദ്യം അടിച്ചു. പിന്നെ വീട്ടിലുണ്ടായിരുന്ന പാറപൊട്ടിക്കുന്ന ഇരുമ്പുകരണം കൊണ്ടും പൊതിരെ തല്ലി.

വള്ളിയുടെ നിലവിളി കേട്ട് ഊരിനടുത്തുള്ളവർ ഓടിക്കൂടി. സംഘടിച്ചെത്തി രംഗസ്വാമിയെ പിടിച്ചു വെക്കാൻ ശ്രമിച്ചെങ്കിലും അവരെയും ക്രൂരമായി മർദിച്ചു. ഇതോടെ ആളുകൾ പിൻമാറി. വള്ളിയെ രംഗസ്വാമി വീണ്ടും ക്രൂരമായി മർദിച്ചു. കാലിലും വയറിലും നെഞ്ചിലും തലയിലും രംഗസ്വാമി അടിച്ചു. 

രംഗസ്വാമിയെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. അപ്പോഴേക്കും വള്ളി മരിച്ചിരുന്നു. ഭാര്യയിലുണ്ടായ സംശയമാണ് ക്രൂര മർദനത്തിന് കാരണമെന്നായിരുന്നു രംഗസ്വാമിയുടെ മൊഴി. ഫോറൻസിക് തെളിവുകൾക്കൊപ്പം 20 സാക്ഷികളെയും കേസിൽ വിസ്തരിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *