ആംബുലൻസിനായി കാത്തിരുന്നത് രണ്ടു മണിക്കൂറോളം; രോഗി മരിച്ചു

തിരുവനന്തപുരം വെള്ളറടയിൽ ജനപ്രതിനിധികളും ഡോക്ടറും ഉൾപ്പെടെ
നിരവധി തവണ വിളിച്ചിട്ടും 108 ആംബുലൻസിൻ് സേവനം ലഭിക്കാതെ വന്നതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആൻസിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ ആംബുലൻസ് വിളിച്ചെങ്കിലും കുരിശുമല സ്‌പെഷൽ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലൻസ് വിട്ടു നൽകിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനി പ്രസാദ് പറഞ്ഞു.

രണ്ടു മണിക്കൂറോളം വിളിച്ചിട്ടും ആംബുലൻസ് ലഭ്യമായില്ല. ഇതോടെ ആൻസിയെ ഒരു വാനിൽ കയറ്റി സിഎച്ച്സിയിൽ എത്തിച്ചു. അവിടുത്തെ ഡോക്ടർ വിളിച്ചിട്ടും 108 ആംബുലൻസ് വിട്ടു നൽകാൻ തയാറായില്ല. തുടർന്ന് മറ്റൊരു ആംബുലൻസ് വിളിച്ച് സിഎച്ച്‌സിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ എടുത്തുവച്ച് ആൻസിയുമായി പോകുന്നതിനിടെ ആരോഗ്യനില വഷളായി ആൻസി മരണപ്പെടുകയായിരുന്നു.

ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. 4 കിലോമീറ്റർ ചുറ്റളവിൽ രണ്ട് 108 ആംബുലൻസുകൾ ഉണ്ടായിരുന്നിട്ടും ഒരെണ്ണം പോലും ലഭ്യമാക്കിയില്ലെന്നും ആനി പ്രസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *