അർജുന് വേണ്ടി വീണ്ടും തെരച്ചിൽ ; ഈശ്വർ മാൽപേ ഷിരൂരിൽ എത്തി, കേരള സർക്കാരിനെ വിമർശിച്ച് കാർവാർ എംഎൽഎ

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചില്‍ അല്‍പ്പ സമയത്തിനുള്ളില്‍ പുനരാരംഭിക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിൽ. നദിയില്‍ അടിയൊഴുക്ക് കുറഞ്ഞെന്നും കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്നും സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഡ‍്രഡ്ജര്‍ കൊണ്ടുവരുന്നതില്‍ കേരള സര്‍ക്കാര്‍ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.പണം മുന്‍കൂര്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളം ഡ‍്രഡ്ജര്‍ എത്തിച്ചില്ലെന്നാണ് വിമര്‍ശനം. ഗംഗാവലി പുഴയില്‍ ഒഴുക്ക് 2 നോട്സിന് അടുത്താണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയാണ് ഇന്ന് ഗംഗാവലി പുഴയിലിറങ്ങി തിരച്ചില്‍ നടത്തുക. നാളെ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളും തെരച്ചിലിന് പങ്കെടുക്കും. നേവിക്ക് മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ കാര്‍വാര്‍ എംഎല്‍എ, കേരള സർക്കാറിനെതിരെ രൂക്ഷ വിമർശിനമാണ് ഉന്നയിച്ചത്. തൃശൂരിൽ നിന്ന് ഡ്രജിംഗ് മെഷീൻ എത്തിക്കണമെന്ന ആവശ്യം കേരളം പരിഗണിച്ചില്ല. എംപിയും എംഎൽഎയും അനുകൂലമായി പ്രതികരിച്ചില്ലെന്നും സതീഷ് കൃഷ്ണ സെയിൽ കുറ്റപ്പെടുത്തി.

ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഇന്നലെ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ ഇന്നലെ പ്രതികരിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *