അസംബ്ലിയിൽ അഞ്ചാം ക്ലാസുകാരന്റെ മുടിമുറിച്ച സംഭവം: പ്രധാനാധ്യാപികയ്ക്കു മുൻകൂർ ജാമ്യം

ആദിവാസി വിഭാഗത്തിൽപ്പെട്ട അഞ്ചാം ക്ലാസുകരന്റെ മുടി സ്‌കൂൾ അസംബ്ലിയിൽ വച്ച് മുറിച്ചെന്ന കേസിൽ പ്രധാനാധ്യാപികയ്ക്കു മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി. കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണോ പ്രവൃത്തിയെന്നതിൽ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.ബാബു മുൻകൂർ ജാമ്യം അനുവദിച്ചത്.

കാസർകോട്ടാണ് സംഭവം. കഴിഞ്ഞവർഷം ഒക്ടോബർ 19ന് സ്‌കൂൾ അസംബ്ലിയിൽ അധ്യാപകരും വിദ്യാർഥികളും നോക്കിനിൽക്കെ വിദ്യാർഥിയുടെ മുടി അധ്യാപിക മുറിച്ചെന്നായിരുന്നു കേസ്. പരസ്യമായി മുടി മുറിച്ചത് വിദ്യാർഥിയുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമേൽപിച്ചെന്നായിരുന്നു ആരോപണം.

വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും ബാല നീതി നിയമപ്രകാരവുമായിരുന്നു കേസെടുത്തത്. പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെങ്കിലും ബാലനീതി നിയമപ്രകാരം കുറ്റമുണ്ടെന്നു വിലയിരുത്തി സെഷൻസ് കോടതി പ്രധാന അധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

വിദ്യാർഥിയുടെ സ്വഭാവരൂപീകരണത്തിനും വളർച്ചയ്ക്കുമായി അച്ചടക്കം നടപ്പാക്കുക മാത്രമാണു ചെയ്തതെന്നും കുട്ടിയുടെ അന്തസ്സിനു ക്ഷതമേൽപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ല പ്രവൃത്തിയെന്നും ഹർജിക്കാരി വാദിച്ചു. ഇത് കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപ ബോണ്ടും തുല്യ തുകയ്ക്ക് രണ്ടുപേരുടെ ഉറപ്പിലും ജാമ്യം നൽകാനും ഹൈക്കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *