അബ്ദുൾ റഹീമിനെ മോചനം; രണ്ടുദിവസത്തിനകം തുക കൈമാറും, ഇനി വരുന്ന ഫണ്ടുകൾ സ്വീകരിക്കില്ല

ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനാവശ്യമായ തുക രണ്ടു ദിവസത്തിനുള്ളിൽ കൈമാറുമെന്നു ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സൗദി അറേബ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനു രണ്ടു പേരെ ചുമതലപ്പെടുത്തി. ഇനി വരുന്ന ഫണ്ടുകൾ സ്വീകരിക്കേണ്ട എന്നാണു തീരുമാനം. നിയമോപദേശം തേടിയശേഷമായിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത്.

റഹീം നാട്ടിൽ എത്തുന്നതുവരെ ട്രസ്റ്റ് നിലനിർത്തും. തുക എത്രയും പെട്ടെന്നു കൈമാറാനാണു നീക്കം. ബാങ്കുമായി സംസാരിച്ചു രണ്ടു ദിവസത്തിനകം തന്നെ തുക കൈമാറാൻ ശ്രമിക്കും. റിസർവ് ബാങ്കിന്റെ അനുമതി നേരത്തെ തന്നെ വാങ്ങിയിരുന്നു. എംബസി വഴിയാണു പണം കൈമാറുന്നതെന്നും ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ചെയർമാൻ സുരേഷ്, കൺവീനർ ആലിക്കുട്ടി എന്നിവർ അറിയിച്ചു.

സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ (42) മോചനത്തിനുള്ള ധനസമാഹരണ ദൗത്യം ഇന്നലെ, നിശ്ചയിച്ചതിനും 2 ദിവസം മുൻപേ ലക്ഷ്യത്തിലെത്തി. വധശിക്ഷ ഒഴിവാക്കാൻ 34 കോടി രൂപ ദയാധനമാണ് ആവശ്യമായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *