അന്തരിച്ച നടൻ ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

നടനും  ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടർന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. 

മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്‍റ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം.  ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോ​ഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.  

750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്‍റ്  1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്.  അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു. കാൻസർ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്.  രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാന്‍സര്‍ വാര്‍ഡിലെ ചിരി ഉൾപ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്. തുടർന്ന് സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും.  വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. 

Leave a Reply

Your email address will not be published. Required fields are marked *