അട്ടപ്പാടി മധു കൊലക്കേസ്: സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും

അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും. മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിന്റെ വിസ്താരത്തോടെയാണ് സാക്ഷി വിസ്താരം തീരുക. രണ്ട് തവണ പ്രോസിക്യൂട്ടർമാർ മാറിയ കേസിൽ 101 സാക്ഷികളെയാണ് വിസ്തരിച്ചത്.

സാക്ഷി വിസ്താരം, സാക്ഷികളെ സ്വാധീനിക്കൽ, കൂറുമാറ്റം, സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കൽ, കൂറുമാറിയവരെ വീണ്ടും വിസ്തരിക്കൽ, പുനർ വിസ്താരത്തിൽ മൊഴി തിരുത്തൽ. കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കൽ, മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തൽ, ഭീഷണിപ്പെടുത്തിയവരുടെ അറസ്റ്റ്, മജിസ്റ്റീരിയിൽ റിപ്പോർട്ടിന്റെ തെളിവ് മൂല്യത്തർക്കം, അത് തയ്യാറാക്കിയവരെ വിസ്തരിക്കൽ, തുടങ്ങി അസാധാരണ നടപടികൾ ഏറയുണ്ടായിരുന്നു ഈ വിചാരണയിൽ. ഇവയ്ക്കെല്ലാമാണ് ഇന്ന് അവസാനമാകുന്നത്.

2022 ഏപ്രിലിലാണ് വിചാരണ നടപടികൾ തുടങ്ങിയത്. കോടതിയിൽ രഹസ്യമൊഴി നൽകിയവർ ഉൾപ്പെടെ 24 സാക്ഷികൾ കൂറുമാറി. മുപ്പതിലേറെ ഹർജികൾ വിവിധ രേഖകൾ കേസ് ഫയലിന്റെ ഭാഗമാക്കാനായി പ്രോസിക്യൂഷൻ സമർപ്പിച്ചിട്ടുണ്ട്. സാക്ഷി വിസ്താരം കഴിയുമ്പോൾ, ഒരു ചോദ്യം ബാക്കിയുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ഇടനില നിന്നവർക്ക് എതിരെ എന്ത് നടപടി ഉണ്ടാകുമെന്നത്.

Leave a Reply

Your email address will not be published. Required fields are marked *