അടിയന്തര വൈദ്യ സഹായത്തിന് സന്നിധാനത്ത് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സിന് അനുമതി

അടിയന്തര വൈദ്യ സഹായത്തിന് ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കനിവ് 108 ആംബുലന്‍സിന്റെ 4×4 റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതല്‍ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെ തുട‍ര്‍ന്നാണ് നടപടി.

നിലവില്‍ പമ്പയില്‍ സേവനം നടത്തുന്ന ഈ വാഹനം സന്നിധാനത്തെത്തിക്കും. ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന 4×4 വാഹനത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെ സേവനം ഈ വാഹനത്തില്‍ ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ആരോഗ്യ വകുപ്പിന്റേയും കനിവ് 108 ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചിരുന്നു. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4×4 റെസ്‌ക്യു വാനിന് പുറമേ ഐസിയു ആംബുലന്‍സ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്.

എന്നാല്‍ കാനന പാതയില്‍ യാത്ര ചെയ്യാന്‍ കോടതി അനുമതി വേണമായിരുന്നു. ഈ അനുമതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. തീര്‍ത്ഥാടകര്‍ക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *