‘അടഞ്ഞ അധ്യായം;ഇനി വിവാദം വേണ്ട’: ശശി തരൂർ തിരുത്തുമെന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാൽ

ശശി തരൂർ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും അടഞ്ഞ അധ്യായമായി കാണാനാണ് കോൺഗ്രസിന് താൽപര്യമെന്നും കെ സി വേണുഗോപാൽ. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂർ എഴുതിയത്. ശരിയായ ഡാറ്റ കിട്ടിയാൽ നിലപാട് മാറ്റും എന്ന് തരൂർ പറഞ്ഞിട്ടുണ്ട്.  അത് മുഖവിലയ്ക്ക് എടുക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്ക് ഇടയിൽ ഭിന്നാഭിപ്രായം ഇല്ലെന്നും കെ സി വേണുഗോപാൽ അവകാശപ്പെട്ടു. 

കേരളത്തിൽ ചെറുകിട സംരംഭങ്ങൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. കൃത്രിമ കണക്കുകളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തരൂരുമായി പാർട്ടി സംസാരിച്ചിട്ടുണ്ട്. തിരുത്തുമെന്ന് തന്നെയാണ് കരുതുന്നത്. ഇനി വിവാദം വേണ്ടെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. 

കേരളത്തിലെ വ്യാവസായിക രം​ഗത്തെ പുരോ​ഗതിയെക്കുറിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ തരൂർ എഴുതിയ ലേഖനമാണ് വിവാദമായത്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണം. തന്‍റെ നിലപാടിൽ മാറ്റമില്ല. വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയതെന്നാൈയിരുന്നു തരൂരിന്‍റെ മറുപടി. 

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന പരാമർശവും വിവാദമായി. നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്നാണ് ശശി തരൂർ പറഞ്ഞത്. എന്നാൽ മോദിയുടെ യുഎസ് സന്ദർശനത്തിന്‍റെ ഫലപ്രാപ്തിയിൽ കോൺഗ്രസ് ഇന്നലെ വലിയ സംശയം ഉന്നയിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടിയിൽ തെറ്റില്ലെന്നും ശശി തരൂർ പറഞ്ഞു.

എന്നാൽ അവരെ കൊണ്ടുവരുന്ന രീതി സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാത്തതിലാണ് നിരാശയെന്നും ശശി തരൂർ വ്യക്തമാക്കി. വിലങ്ങും ചങ്ങലയുമണിയിച്ച് കൊണ്ടുവരുന്നതിനോടാണ് എതിർപ്പെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *