അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി വേണം, ആർഎസ്എസ് ചുമതലയിൽ നിന്നാണ് ഗതികെട്ട് മാറ്റിയതെന്ന് ഷാഫി പറമ്പിൽ

എഡിജിപി എം.ആർ അജിത്ത് കുമാറിനെ ആർഎസ്എസ് ചുമതലയിൽ നിന്നാണ് ഗതികെട്ട് മാറ്റിയതെന്ന് ഷാഫി പറമ്പിൽ എംപി. പൊലീസ് യോഗങ്ങളിൽ ഇപ്പോഴും അജിത് കുമാറിന് പങ്കെടുക്കാൻ കഴിയും. ഒരു സെക്കൻ്റ് പോലും വൈകാതെ നടപടി എടുക്കേണ്ട വിഷയത്തിൽ ആർഎസ്എസിൻ്റെ തീരുമാനം കാത്തിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. അതുകൊണ്ടാണ് നടപടി വൈകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  സിപിഐ നേതാക്കൾ മുൻപ് പാർട്ടിയുടെ പദവികളിലിരുന്നവർ കാട്ടിയ ആർജ്ജവം കാട്ടണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ദില്ലിയിൽ മുഖ്യമന്ത്രിക്ക് വേണ്ടി വാർത്താകുറിപ്പ് വിതരണം ചെയ്തത് ക്രൂരമായ നടപടിയാണ്. മലപ്പുറത്തെ മാത്രമല്ല ഒരു സംസ്ഥാനത്തെ തന്നെയാണ് ഇതിലൂടെ ഒറ്റുകൊടുത്തത്.

മലപ്പുറത്തെ നിരോധിക്കപ്പെട്ട സംഘടനകളുടെ കേന്ദ്രമാക്കി മുദ്രകുത്തിയതിന് പിന്നിൽ ആർഎസ്‌എസ് അജണ്ടയാണ്. സീതാറാം യെച്ചൂരി മരിച്ചു കിടക്കുന്ന ദിവസം മുഖ്യമന്ത്രിക്ക് വേണ്ടി ഇതുപോലൊരു വാർത്താകുറിപ്പ് വിതരണം ചെയ്തത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയ സാധ്യത തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിനുള്ള മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. അനുയോജ്യനായ സ്ഥാനാർത്ഥിയെ പാർട്ടി കണ്ടെത്തും. തനിക്ക് പറയാനുള്ളത് ചോദിച്ചാൽ നേതൃത്വത്തെ അറിയിക്കും. യുവാക്കൾക്ക് അവസരം നൽകണം എന്നത് നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. പാലക്കാട് ബിജെപിക്ക് കൊടുക്കാൻ നേതാക്കൾ തീരുമാനിച്ചാലും സിപിഎമ്മിൻ്റെ അണികൾ അതിന് തയ്യാറാകില്ലെന്നും സിപിഎം നേതൃത്വത്തിൻ്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെട്ടുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *