അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം; മാപ്പ് അപേക്ഷയുമായി സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ ക്ഷമാപണവുമായി സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥൻ. മുൻ അഡീഷണൽ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയാണ് ക്ഷമാപണം നടത്തിയത്. നന്ദകുമാറിനെതിരെ പൂജപ്പുര പൊലീസിൽ അച്ചു ഉമ്മൻ ഇന്നലെ പരാതി നൽകിയതിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ് ബുക്കിലൂടെ ക്ഷമാപണവുമായി നന്ദകുമാർ രംഗത്തെത്തിയത് .

രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണു തന്റെ പിതാവെന്നും, അധികാര ദുർവിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ലെന്നും കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടിയിരുന്നു. പിതാവിനെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നവർ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സൈബർ ആക്രമണം. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിയില്ല. ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ എന്നുമായിരുന്നു അച്ചു ഉമ്മൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

“ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിനു കീഴെ വന്ന പ്രകോപനപരമായ കമന്റുകൾക്കു മറുപടി പറയുന്നതിനിടയിൽ ഞാൻ രേഖപ്പെടുത്തിയ ഒരു കമന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനകരമായി പോയതിൽ ഞാൻ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയിൽപ്പെട്ട ഉടനെ ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തു. അറിയാതെ സംഭവിച്ചു പോയ തെറ്റിനു നിരപാധികം മാപ്പപേക്ഷിക്കുന്നു” ഇതായിരുന്നു നന്ദകുമാർ കൊളത്താപ്പിള്ളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് 

Leave a Reply

Your email address will not be published. Required fields are marked *