13കാരന്റെ കുഞ്ഞിനെ പ്രസവിച്ച 31കാരി

13 വയസ്സുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭം ധരിക്കുകയും ചെയ്ത യു.എസിലെ 31-കാരിക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവരില്ലെന്ന് റിപ്പോര്‍ട്ട്. യു.എസിലെ കൊളറാഡോയിലെ ആന്‍ഡ്രിയ സെറാനോയാണ് ജയില്‍വാസത്തില്‍നിന്ന് മോചിതയായത്. യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടര്‍മാരും തമ്മിലുണ്ടാക്കിയ ‘പ്ലീ ഡീല്‍’ അനുസരിച്ചാണ് ജയില്‍വാസം ഒഴിവാക്കിനല്‍കിയത്. അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ യുവതിയെ ലൈംഗിക കുറ്റവാളിയായി തന്നെയാണ് കണക്കാക്കുക. പ്രതിയായ യുവതി ഇതെല്ലാം അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

പതിമൂന്നുവയസ്സുകാരന് നേരേ ലൈംഗികാതിക്രമം നടത്തിയതിന് കഴിഞ്ഞവര്‍ഷമാണ് ആന്‍ഡ്രിയയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 70,000 ഡോളര്‍ ബോണ്ടില്‍ പ്രതിയെ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ പോലീസ് ചുമത്തിയിരുന്നത്. 13-കാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നതായി യുവതി സമ്മതിച്ചിരുന്നു. ഇതിനിടെ 13-കാരനില്‍നിന്ന് ഗര്‍ഭിണിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

അതേസമയം, യുവതിയുടെ തടവുശിക്ഷ ഒഴിവാക്കിയതിനെതിരേ ആണ്‍കുട്ടിയുടെ കുടുംബം രൂക്ഷമായാണ് പ്രതികരിച്ചത്.കേസില്‍ പ്രതിസ്ഥാനത്ത് ഒരു പുരുഷനായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ എന്നായിരുന്നു നിലവില്‍ 14 വയസ്സുള്ള കുട്ടിയുടെ അമ്മ ചോദിച്ചത്. ‘എന്റെ മകന്റെ കുട്ടിക്കാലമാണ് അപഹരിക്കപ്പെട്ടത്. ഇപ്പോള്‍ അവനൊരു അച്ഛനായിരിക്കുകയാണ്. അവന്‍ ഒരു ഇരയാണ്. ഇനിയുള്ള ജീവിതത്തിലും അത് അങ്ങനെയായിരിക്കില്ലേ. അവളുടെ സ്ഥാനത്ത് ഒരാണും അവന്റെ സ്ഥാനത്ത് ഒരു പെണ്‍കുട്ടിയുമായിരുന്നെങ്കില്‍ ഇതെല്ലാം വ്യത്യസ്തമാകുമായിരുന്നു. അങ്ങനെയാണെങ്കില്‍ പ്രതിക്ക് കടുത്ത ശിക്ഷയായിരിക്കും നേരിടേണ്ടിവരിക’- കുട്ടിയുടെ അമ്മ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *