സൈനിക വിമാനത്തിൽ നാടുകടത്തുന്നത് നിർത്തി അമേരിക്ക; ഇന്ത്യയിലേക്ക് മാത്രം ചെലവ് 78.36 കോടി രൂപ

അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയ ആളുകളെ നാടുകടത്താനായി സൈനിക വിമാനം ഉപയോഗിക്കുന്നത് നിർത്തലാക്കി അമേരിക്ക. നാടുകടത്തുന്നതിനായി സൈനിക വിമാനം ഉപയോഗിക്കുന്നതിന് ഉയര്‍ന്ന ചെലവ് വരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് ഒന്നിനാണ് അനധികൃത കുടിയേറ്റക്കാരെയും കയറ്റിയുള്ള വിമാനം അവസാനമായി അമേരിക്കയില്‍ നിന്ന് പോയതെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതിന് പിന്നാലെ അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ ആളുകളെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കുടിയേറ്റക്കാരെ സ്വന്തം രാജ്യത്ത് എത്തിക്കുന്നതിനായി സൈനിക വിമാനമാണ് ഉപയോഗിച്ചിരുന്നതും. ഈ നടപടി കാര്യക്ഷമമല്ലെന്നും ചെലവേറിയതുമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിക്കുന്നത്. അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നതിന് വേണ്ടി കൂടിയാണ് സൈനിക വിമാനം ഉപയോഗിച്ചിരുന്നതെന്നാണ് വിലയിരുത്തല്‍.

സൈനികവാഹനത്തിൽ മൂന്ന് തവണയാണ് അനധികൃത കുടിയേറ്റക്കാരെ യു.എസ്. ഇന്ത്യയിൽ എത്തിച്ചത്. ഓരോ യാത്രയ്ക്കും ചെലവായത് 26.12 കോടി രൂപ. ഇതനുസരിച്ച് ഇന്ത്യയിലേക്കു മാത്രം ചെലവായത് 78.36 കോടി രൂപയാണ്. മറ്റു ചില രാജ്യങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിലേക്കാണ് യു.എസ്. നാടു കടത്തിയത്. വലിയ സൈനികവിമാനത്തിൽ പത്തും പന്ത്രണ്ടും പേരെ മാത്രമാണ് ഇങ്ങനെ ഗ്വാണ്ടനാമോയിൽ എത്തിച്ചത്. ഇതിനായി ഓരോ യാത്രക്കാരനും ചെലവായത് 17.41 ലക്ഷം രൂപ.

യു.എസ്. സർക്കാരിന്റെ കണക്കുകളനുസരിച്ച് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിമാനങ്ങൾക്ക് മണിക്കൂറിന് 7.40 ലക്ഷം രൂപയാണ് ചെലവാകുക. അതേസമയം, ഡബ്ലു.എസ്.ജെ. റിപ്പോർട്ട് അനുസരിച്ച് അന്താരാഷ്ട്ര യാത്രകൾക്ക് ഇത് മണിക്കൂറിന് 14.81 ലക്ഷം രൂപയാവും. എന്നാൽ, സി17 സൈനികവിമാനത്തിന് മണിക്കൂറിൽ 24.83 ലക്ഷം രൂപ ചെലവിടേണ്ടി വരുന്നു. ചെലവിന്റെ ഈ കണക്കാണ് യു.എസിനെ അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിൽ എത്തിക്കുന്നതിനു പകരം സമീപരാജ്യങ്ങൾക്കു കൈമാറുകയെന്ന തന്ത്രത്തിലേക്കു മാറ്റിയത്.

അമേരിക്കയുടെ സൈനിക വിമാനമായ സി-17 അനധികൃത കുടിയേറ്റക്കാരുമായി 30 യാത്രകളും സി-130 വിമാനം പത്തിലധികം യാത്രകളും നടത്തിയതായാണ് കണക്ക്. ഇന്ത്യ, പെറു, ഗ്വാട്ടിമല, ഹോണ്ടുറാസ്, പനാമ, ഇക്വഡോര്‍, ഗ്വാണ്ടനാമോ ബേ തുടങ്ങിയ സ്ഥാലങ്ങളിലേക്കാണ് അമേരിക്കയില്‍ നിന്നുള്ള സൈനിക വിമാനങ്ങള്‍ അനധികൃത കുടിയേറ്റക്കാരുമായി പറന്നത്. നിയമം ലംഘിക്കുന്നവര്‍ക്കും കുറ്റവാളികള്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇതെതെന്നായിരുന്നു യു.എസ്. പ്രതിരോധ സെക്രട്ടറി ഇതിനെ വിശേഷിപ്പിച്ചത്.

യു.എസ്. എയര്‍ഫോഴ്‌സിന്റെ കാര്‍ഗോ വിമാനങ്ങളില്‍ നൂറുകണക്കിന് കുടിയേറ്റക്കാരെയാണ് ഫെബ്രുവരിയില്‍ മാത്രം ഇന്ത്യയില്‍ എത്തിച്ചത്. വിമാന യാത്രയിലുടനീളം നാടുകടത്തപ്പെട്ട ആളുകളുടെ കൈകാലുകള്‍ ബന്ധിപ്പിച്ചിരുന്നുവെന്നും ഇന്ത്യയില്‍ ഇറങ്ങിയപ്പോഴാണ് മോചിപ്പിച്ചതെന്നുമുള്ള കുടിയേറ്റക്കാരുടെ വെളിപ്പെടുത്തല്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അമേരിക്കയുടെ ഈ നീക്കത്തെ അപലപിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *