സുരക്ഷാ ഭീഷണിയെത്തുടർന്ന് റഷ്യയിലെ രണ്ട് പ്രദേശങ്ങളിൽ ടെലഗ്രാം നിരോധിച്ചു. ഒരു വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. തീവ്രവാദം വർദ്ധിച്ചുവരുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്‍താൻ, ചെച്‌നിയ എന്നിവിടങ്ങളിൽ ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തിയത്.
‘ശത്രുരാജ്യങ്ങൾ പലപ്പോഴും ടെലഗ്രാം ഉപയോഗിക്കാറുണ്ട്. മഖച്‌കല വിമാനത്താവളത്തിലെ കലാപം ഇതിന് ഉദാഹരണമാണ് ‘, ഡാഗെസ്‍താനിലെ ഡിജിറ്റൽ വികസന മന്ത്രി യൂറി ഗംസാറ്റോവ് പറഞ്ഞു. ടെലഗ്രാം ആപ്പിനെ തടയാനുള്ള തീരുമാനം ഫെഡറൽ തലത്തിലാണ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയിൽ ഇതിന് മുമ്പും ടെലഗ്രാം പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് 2023 ഒക്‌ടോബറിൽ നടന്ന ഇസ്രയേൽ വിരുദ്ധ കലാപം പരാമർശിച്ചുകൊണ്ട് ഗാംസറ്റോവ് വ്യക്തമാക്കി.
ഇസ്രയേലിൽ നിന്ന് വിമാനത്തിലെത്തിയ യാത്രക്കാരെ ആക്രമിക്കാൻ നൂറുകണക്കിന് പ്രതിഷേധക്കാർ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയിരുന്നു അന്ന്. സംഭവത്തിൽ നിരവധിപേരെ അധികൃതർ കുറ്റാരോപിതരാക്കിയിട്ടുമുണ്ട്. വിമാനം എത്തിയെന്ന വിവരം പ്രാദേശിക ടെലഗ്രാം ചാനലുകളിൽ പ്രചരിച്ചതിനെ തുടർന്ന് അവിടെ ജനക്കൂട്ടം ആക്രമണത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അതേസമയം, റഷ്യയിലെ നിരോധനങ്ങളെക്കുറിച്ച് ടെലഗ്രാം ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യൻ വംശജനായ പാവേൽ ദുറോവ് സ്ഥാപിച്ച ഈ മെസഞ്ചർ ആപ്പിന് ഏകദേശം ഒരു ബില്യൺ ഉപയോക്താക്കളുണ്ട്. റഷ്യ, യുക്രെയ്‌ൻ, മറ്റ് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ തുടങ്ങിയ ഇടങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. 2018ൽ ടെലഗ്രാമിനെ തടയാൻ മോസ്‌കോ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഉപയോക്താക്കളുടെ വിവരം കൈമാറാനും റഷ്യ മുമ്പ് ടെലഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു.
പ്ലാറ്റ്‌ഫോമിൽ സംഘടിത കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിച്ചതിന് ടെലഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ കഴിഞ്ഞ വർഷം ഫ്രാൻസിൽ അറസ്റ്റ് ചെയ്‌തിരുന്നു. നിലവിൽ ഫ്രാൻസിൽ അന്വേഷണം നേരിടുകയാണ് പാവേൽ ദുറോവ്.