ശ്രീലങ്കയിൽ ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലേയ്ക്ക്; അഭിനന്ദനവുമായി മോദിയുടെ സന്ദേശം

ശ്രീലങ്കയിൽ ചരിത്രം കുറിച്ചാണ് ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലെത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി.

വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ. 1990 കളിൽ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2000-ൽ പാർലമെൻ്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡൻ്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. ഒരു വർഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാർലമെൻ്റിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അമേരിക്കൻ സന്ദർശനത്തിനിടെ എക്സിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ശ്രീലങ്ക ഇന്ത്യയുടെ വിദേശ നയത്തിൽ സുപ്രധാന സ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടു പോകാൻ ദിസനായകയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *