വൈറ്റ് ഹൗസിൽ നടത്താനിരുന്ന ഇഫ്താർ വിരുന്ന് റദ്ദാക്കി; തീരുമാനം അമേരിക്കൻ മുസ്ലിം നേതാക്കൾ ക്ഷണം നിരസിച്ചതിനെ തുടർന്ന്

അമേരിക്കയിലെ വൈറ്റ് ഹൗസിൽ നടത്താനിരുന്ന ഇഫ്താർ വിരുന്ന് മുസ്‍ലിം നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി. ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ പിന്തുണക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിൽ പ്രതിഷേധിച്ച് നിരവധി അമേരിക്കൻ മുസ്‍ലിം നേതാക്കൾ ക്ഷണം നിരസിച്ചതിനെ തുടർന്നാണ് ഇഫ്താർ റദ്ദാക്കിയത്.

ജോ ബൈഡൻ, ​വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുസ്‍ലിം സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ നേതാക്കൾ എന്നിവരുമായി നിരവധി മുസ്‍ലിം നേതാക്കൾ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. എന്നാൽ, തങ്ങൾ പ​ങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ഇഫ്താർ റദ്ദാക്കുകയായിരുന്നു. ഇഫ്താറിൽ പ​ങ്കെടുക്കുന്നതിനെതിരെ മുസ്‍ലിം സമുദായത്തിൽ നിന്ന് വലിയ സമ്മർദമാണ് നേതാക്കൾക്ക് ഉണ്ടായിരുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ആദ്യം പോകാൻ സമ്മതിച്ച ക്ഷണിതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കേണ്ടതില്ലെന്ന് പിന്നീട് തീരുമാനിച്ചതിനാൽ ഇഫ്താർ ഒഴിവാക്കുകയായിരുന്നുവെന്ന് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ ഡെപ്യൂട്ടി ഡയറക്ടർ എഡ്വേർഡ് അഹമ്മദ് മിച്ചൽ പറഞ്ഞു. ഗാസയിലെ പലസ്തീൻ ജനതയെ പട്ടിണിക്കിടാനും കൂട്ടക്കൊല ചെയ്യാനും ഇസ്രായേൽ സർക്കാറിനെ പിന്തുണക്കുന്നത് വൈറ്റ് ഹൗസാണ്. അവരുടെ കൂടെ ഇഫ്താർ വിരുന്നിൽ പ​ങ്കെടുത്ത് ഭക്ഷണം കഴിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയിലെ മുസ്ലിം സമൂഹം മുന്നറിയിപ്പ് നൽകിയിരുന്നതായും അഹമ്മദ് വ്യക്തമാക്കി. അതേസമയം, വൈറ്റ് ഹൗസിന് പുറത്ത് ലഫായെറ്റ് പാർക്കിൽ ചൊവ്വാഴ്ച വൈകുന്നേരം പ്രതിഷേധക്കാർ സ്വന്തം രീതിൽ ഇഫ്താർ ഒരുക്കി.

ഇഫ്താർ റദ്ദാക്കിയെങ്കിലും മുസ്‍ലിം സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം ഭക്ഷണം നൽകുമെന്നും ഏതാനും മുസ്‍ലിം നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുസ്ലീം സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി പറഞ്ഞു.

അതേസമയം, ഈ കൂടിക്കാഴ്ച വെറും ഫോട്ടോഷൂട്ടിനുള്ള വേദി മാത്രമാകുമെന്ന് നിരവധി അമേരിക്കൻ മുസ്ലിം പ്രവർത്തകർ ചൂണ്ടിക്കാട്ടി. മുസ്ലിം സമുദായം കഴിഞ്ഞ ആറ് മാസമായി തങ്ങളുടെ നിലപാട് സർക്കാറിനെ അറിയിക്കുന്നുണ്ടെങ്കിലും അതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

‘എത്ര ചർച്ചകൾ നടത്തിയാലും എത്ര ആളുകൾ പോയാലും എത്ര സംഭാഷണങ്ങൾ നടന്നാലും വൈറ്റ് ഹൗസിന്റെ നിലപാടുകൾ മാറില്ല’ – ഡെവലപ്മെന്റ് അറ്റ് അമേരിക്കൻ മുസ്ലിംസ് ഫോർ ഫലസ്തീന്റെ ഡയറക്ടർ മുഹമ്മദ് ഹാബെ പറഞ്ഞു. ഇസ്രയേലിനുള്ള പിന്തുണ അവസാനിപ്പിക്കാതെ അമേരിക്കയിലെ മുസ്ലിം സമൂഹത്തെ സംരക്ഷിക്കുമെന്ന് ബൈഡന് അവകാശപ്പെടാനാവില്ലെന്നും ഹാബെ കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യു.എസ് പ്രസിഡന്റുമാർ പ്രമുഖ മുസ്ലിം നേതാക്കൾക്കൊപ്പം ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്. ഇസ്രയേലിനുള്ള നിരുപാധിക പിന്തുണയുടെ പേരിൽ അമേരിക്കയിലെ അറബ്, മുസ്ലിം സമൂഹങ്ങൾക്കിടയിൽ വർധിച്ചുവരുന്ന രോഷം ശമിപ്പിക്കുക എന്നത് കൂടിയായിരുന്നു ബൈഡൻ ഇത്തവണ ഇഫ്താറിലൂടെ ലക്ഷ്യമിട്ടിരുന്നത്. മുസ്ലിം നേതാക്കളുടെയും സമുദായത്തിന്റെയും പ്രതിഷേധം തെരഞ്ഞെടുപ്പിൽ ബൈഡന് വലിയ തിരിച്ചടിയാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *