സോഷ്യൽ മീഡിയയിൽ വൈറലാകാൻ പലതരം പരാക്രമങ്ങൾ കാണിക്കുന്നവരുണ്ട്. ലൈക്കിനും ഷെയറിനും വേണ്ടി എത്ര അപകടം നിറഞ്ഞ കാര്യങ്ങൾ ചെയ്യാനും ചില ഇൻഫ്ലുവൻസർമാർ മടിക്കാറില്ല. അത്തരത്തിലുള്ള ഒരു പ്രകടനത്തെ തുടർന്ന് ഒരു യുവാവിനെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. ലിൽ ഗോലോ എന്ന കണ്ടന്റ് ക്രിയേറ്ററാണ് അപകടകരമായ പ്രകടനത്തിനൊടുവിൽ ആശുപത്രിയിലായത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഈ യുവാവ് നിരവധി ടേപ്പുകൾ വലിച്ചൊട്ടിച്ച ശേഷം അതിനുനേരെ ഓടി അത് തകർത്ത് അപ്പുറം കടന്നു. ഇങ്ങനെ പലവട്ടം ചെയ്ത ഇയാൾ ഒടുവിൽ ആത്മവിശ്വാസം കൂടിക്കൂടി ഒരാൾക്ക് താങ്ങാവുന്നതിലും അധികം ടേപ്പുകൾ ചേർത്തൊട്ടിച്ച ശേഷം ഓടി വന്ന് അത് തകർക്കാൻ ശ്രമിക്കുകയായിരുന്നു. അത് തകർക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല. അധികം വൈകാതെ ഇയാൾ നിലത്ത് വീഴുകയും ചെയ്തു.
വീണിടത്ത് കിടക്കുന്ന ഇയാൾ വിറയ്ക്കുന്നതും, വായിൽ നിന്നും നുരയും പതയും വരുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്തായാലും ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.