ലോസ് ആഞ്ചെലെസിൽ കാട്ടുതീ പടരുന്നു ; അമേരിക്ക ആശങ്കയിൽ ,നിരവധി ജനങ്ങൾ വീട് ഉപേക്ഷിച്ച് പലായനം ചെയ്തു

അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചെലെസില്‍ പടരുന്ന കാട്ടുതീ വലിയ ആശങ്കയാവുന്നു. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിംഗ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും (ജെപിഎല്‍) കാട്ടുതീ ഭീതിയിലാണ്. ഇതേത്തുടര്‍ന്ന് ജെപിഎല്ലില്‍ നിന്ന് സുരക്ഷാ ജീവനക്കാര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

അതിവേഗമുള്ള കാറ്റിനൊപ്പം ആളിപ്പടരുന്ന കാട്ടുതീ കാലിഫോര്‍ണിയ സംസ്ഥാനത്തെ വിറപ്പിക്കുന്നു. ലോസ് ആഞ്ചെലെസ് നഗരവും പരിസര പ്രദേശങ്ങളും അതീവ ഗുരുതരാവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. സാന്‍ ഗബ്രിയേല്‍ കുന്നുകളുടെ താഴ്‌വാരത്ത് 177 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി താല്‍ക്കാലികമായി അടച്ചു. ലാബിനോട് വളരെ ചേര്‍ന്ന് കാറ്റ് ചില കേടുപാടുകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ ജെപിഎല്ലില്‍ കാട്ടുതീ അപകടമൊന്നും ഇതുവരെ സൃഷ്ടിച്ചില്ല. അതേസമയം നൂറുകണക്കിന് ജീവനക്കാര്‍ വീടുകള്‍ ഒഴിഞ്ഞു. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമായി. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നന്ദി അറിയിക്കുകയാണ്, എല്ലാവരും സുരക്ഷിതരായിക്കുവാന്‍ ശ്രദ്ധിക്കുക എന്നും ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി ഡയറക്ടര്‍ ലൗറി ലെഷിന്‍ എക്സിലൂടെ അറിയിച്ചു.

സാൻ ഗബ്രിയേൽ താഴ്‌വരയിലെ ഏറ്റവും വലിയ നഗരമായ പാസഡീനയില്‍ സ്ഥിതി ചെയ്യുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി നാസയുടെ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ ഏജന്‍സിയാണ്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ജെപിഎല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പെർസിവറൻസ് മാര്‍സ് റോവര്‍, ക്യൂരിയോസിറ്റി മാര്‍സ് റോവര്‍, യൂറോപ്പ ക്ലിപ്പര്‍ തുടങ്ങി നാസയുടെ വമ്പന്‍ റോബോട്ടിംഗ് ദൗത്യങ്ങള്‍ നയിക്കുന്നത് ജെപിഎല്‍ ആണ്. നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വര്‍ക്കിന്‍റെ ചുമതലയും ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിക്കാണ്. 5,500-ഓളം പൂര്‍ണസമയ ജോലിക്കാര്‍ ജെപിഎല്ലിനുണ്ട് എന്നാണ് കണക്ക്. 

Leave a Reply

Your email address will not be published. Required fields are marked *