ലേണേഴ്സ് പരീക്ഷയിൽ 59 തവണ തോറ്റു; ഒടുവിൽ വിജയം

യുകെയില്‍ ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള തിയറി പരീക്ഷയില്‍ 59 തവണ പരാജയപ്പെട്ട പരീക്ഷാര്‍ത്ഥി ഒടുവില്‍ അറുപതാമത്തെ ശ്രമത്തില്‍ കരകയറി. വുസ്റ്റര്‍ഷെയര്‍ കൗണ്ടിയിലാണ് രാജ്യത്തു തന്നെ ഏറ്റവുമധികം തവണ തിയറി പരീക്ഷ എഴുതിയ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടത്. അതേസമയം ലൈസന്‍സ് സ്വന്തമാക്കാനുള്ള പരീക്ഷാര്‍ത്ഥിയുടെ സ്ഥിരോത്സാഹത്തെ സോഷ്യല്‍ മീഡിയയിലും അല്ലാതെയും നിരവധിപ്പേര്‍ പ്രകീര്‍ത്തിച്ചു.

പരീക്ഷാര്‍ത്ഥിയുടെ പേരും മറ്റ് വിവരങ്ങളുമൊന്നും പുറത്തുവിട്ടിട്ടില്ല. 1748 പൗണ്ടും (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) 60 മണിക്കൂറുമാണ് ലേണേഴ്സ് പരീക്ഷയ്ക്കായി ഇയാള്‍ ചെലവാക്കിയതെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മണിക്കൂറാണ് തിയറി പരീക്ഷയുടെ ദൈര്‍ഘ്യം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഡ്രൈവിങ് പഠിതാക്കള്‍ തിയറി പരീക്ഷ പാസായിരിക്കണം.

50 മൾട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളില്‍ 43 എണ്ണത്തിനെങ്കിലും പരീക്ഷയില്‍ ശരി ഉത്തരം നല്‍കണം. തുടര്‍ന്ന് 14 വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ചുള്ള പെര്‍സെപ്ഷന്‍ പരിശോധനയുണ്ടാവും. ഒരിക്കല്‍ തിയറി പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ മൂന്ന് ദിവസം കാത്തിരുന്ന ശേഷം വീണ്ടും പരീക്ഷയെഴുതാം.

ഡ്രൈവിങ് പരീക്ഷയിലെ തിയറി പരീക്ഷ കടുപ്പമുള്ളത് തന്നെയാണെന്നും അത് പാസാവാനുള്ള സ്ഥിരോത്സാഹം അഭിനന്ദിക്കപ്പെടേണ്ടതാണെന്നും ഡ്രൈവിങ് പരിശീലകരും പറയുന്നു. 2007-2008 വര്‍ഷങ്ങളിലെ കണക്ക് പ്രകാരം 65 ശതമാനമായിരുന്നു യുകെയിലെ ഡ്രൈവിങ് തിയറി പരീക്ഷയിലെ വിജയ ശതമാനമെങ്കില്‍ 2022-2023 വര്‍ഷത്തെ കണക്ക് പ്രകാരം വിജയം 44 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് ട്രാന്‍സ്‍പോര്‍ട്ട് വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

അതേസമയം തന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി തിയറി പരീക്ഷകള്‍ക്ക് ഹാജരായതിന്റെ പേരിലും പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന്റെ പേരിലും നിരവധിപ്പേര്‍ യുകെയില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ടെന്ന് സ്കൈ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പലര്‍ക്ക് വേണ്ടി ഏതാണ്ട് 150 തവണ തിയറി പരീക്ഷകളിലും പ്രാക്ടിക്കല്‍ പരീക്ഷകളിലും ഹാജരായ ഇന്ദ്രജീത് കൗര്‍ എന്നയാളിന് കഴിഞ്ഞ വര്‍ഷം യുകെ കോടതി എട്ട് മാസം ജയില്‍ ശിക്ഷ വിധിച്ചിരുന്നു.  

Leave a Reply

Your email address will not be published. Required fields are marked *