രണ്ടാം ലോക മഹായുദ്ധത്തിൻറെ 80-ാം വാർഷികം; യുക്രൈനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് വ്‌ളാഡിമിർ പുടിൻ

മോസ്‌കോ: യുക്രൈൻ യുദ്ധത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ. മേയ് എട്ട് രാവിലെ മുതൽ മേയ് 11 വരെ വെടിനിർത്തൽ നിലനിൽക്കുമെന്നാണ് ക്രെംലിൻ അറിയിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൻറെ 80-ാം വാർഷികത്തോടനുബന്ധിച്ച് മാനുഷിക പരിഗണനകൾ കണക്കിലെടുത്താണ് പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. എന്നാൽ, യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുക്രൈൻ യുദ്ധ പരിഹാരത്തിനായി ഉപാധികളില്ലാത്ത ചർച്ചകൾ നടത്താൻ തയാറാണെന്ന് റഷ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ”പ്രത്യേക നിബന്ധനകളില്ലാതെ” സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യ തയ്യാറാണെന്നാണ് ക്രെംലിൻ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ ഈ നിലപാട് വ്യക്തമാക്കിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവാണ് അറിയിച്ചത്.

‘നേരത്തെയും പലതവണ പുടിൻ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്,” പെസ്‌കോവ് കൂട്ടിച്ചേർത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രൈൻ പ്രസിഡന്റ് വ്‌ലാഡിമിർ സെലെൻസ്‌കിയുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റഷ്യ തങ്ങളുടെ നിലപാട് അവർത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *